ഇഷ്ടമില്ലാത്ത വിവാഹങ്ങള്‍ക്ക് നിന്നുകൊടുക്കുമ്പോള്‍ ‘ ദൈവമേ ഇതൊന്ന് മുടക്കാന്‍ ആരെങ്കിലും വന്നിരുന്നെങ്കില്‍’ എന്ന് തോന്നുന്ന സാഹചര്യത്തിലൂടെ പലരും കടന്നു പോയിരിക്കും. ദൈവ ദൂതനെ പോലെ ആരെങ്കിലും താത്പര്യമില്ലാത്ത വിവാഹത്തില്‍ നിന്നും നിങ്ങളെ രക്ഷപ്പെടുത്തിയാല്‍ എങ്ങനെയിരിക്കും? 47,000 രൂപ മുടക്കാന്‍ തയ്യാറാണെങ്കില്‍ ഇഷ്ടമില്ലാത്ത വിവാഹങ്ങള്‍ ഇനി പ്രശ്നമല്ലെന്നാണ് ഏണസ്റ്റോ റെനാറസ് എന്ന കമ്പനി പറയുന്നത്.
സ്പെയിനിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. ‘വെഡ്ഡിംഗ് ഡെസ്ട്രോയേഴ്സ്’ എന്നാണ് സ്പെയിനില്‍ ഇവര്‍ അറിയപ്പെടുന്നത്. വിവാഹങ്ങള്‍ മുടക്കിയാണ് താന്‍ പണം സമ്പാദിക്കുന്നതെന്നാണ് കമ്പനി ഉടമയായ ഏണസ്റ്റോ പറയുന്നത്. വിവാഹങ്ങള്‍ മുടക്കിയാല്‍ എങ്ങനെ പണം സമ്പാദിക്കാന്‍ സാധിക്കുമെന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. അതും ഏണസ്റ്റോ തന്നെ വിശദമായി പറയുന്നുണ്ട്.
തമാശയ്ക്കായി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു പരസ്യമാണ് ഏണസ്റ്റോയുടെ ജീവിതം മാറ്റി മറിച്ചത്. ‘ താത്പര്യമില്ലാത്ത വിവാഹങ്ങള്‍ക്ക് നില്‍ക്കുകയാണോ? എങ്ങനെ എതിര്‍ക്കുമെന്നും അറിയുന്നില്ലേ? വിവാഹത്തില്‍ നിന്നും ഒഴിവാകണമെന്നുണ്ടോ? പരിഭ്രമിക്കേണ്ട, നിങ്ങളുടെ വിവാഹത്തെ ഞാന്‍ എതിര്‍ക്കാം..” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച പരസ്യമാണ് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്.
പരസ്യം ശ്രദ്ധയില്‍പ്പെട്ടതും നിരവധി പേര്‍ ഏണസ്റ്റോയുടെ സഹായത്തിനായി ഓടിയെത്തി. വിവാഹം മുടക്കുന്നതിനായി 500 യൂറോയും ( 47,000 രൂപ) അദ്ദേഹം ഈടാക്കാന്‍ തുടങ്ങി. സ്ഥലവും സമയവും പറഞ്ഞു കൊടുത്താല്‍ കൃത്യസമയത്ത് അവിടെയെത്തി ക്ലയന്റിന്റെ യഥാര്‍ത്ഥ കാമുകനായി വേഷമിട്ട് ‘ കല്യാണം മുടക്കി’ താത്പര്യമില്ലാത്ത വിവാങ്ങള്‍ മുടക്കി തരും. ഇനി വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന ബന്ധുക്കള്‍ ആരങ്കിലും മര്‍ദ്ദിക്കുകയാണെങ്കിലും അതെല്ലാം ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും കമ്പനി ഉടമ പറയുന്നുണ്ട്. എന്നാല്‍ കിട്ടുന്ന ഓരോ അടിക്കും 50 യൂറോ വീതം നല്‍കണം. ഡിസംബര്‍ വരെ താന്‍ ഇത്തരത്തില്‍ വിവാഹം മുടക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും ഏണസ്റ്റോ പറഞ്ഞു.
60 1 minute read