BREAKINGNATIONAL

വിവാഹത്തിനിടെ വരന്റെ നോട്ടുമാല പൊട്ടിച്ച് ട്രക്ക് ഡ്രൈവര്‍; പിന്നാലെ സിനിമയെ വെല്ലുന്ന സ്റ്റണ്ട്

മീററ്റ്: വിവാഹ ഘോഷയാത്രയ്ക്കിടെ വരന്റെ കഴുത്തില്‍ ചാര്‍ത്തിയിരുന്ന നോട്ടുമാല പൊട്ടിച്ച് കടന്ന മിനി ട്രക്ക് ഡ്രൈവറെ ചേസ് ചെയ്ത് പിടിച്ച് വരന്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. വിവാഹത്തിന്റെ ആചാരം അനുസരിച്ച് ഘോഷയാത്രയ്ക്കായി കുതിരപ്പുറത്ത് കയറുമ്പോഴായിരുന്നു അതുവഴിയെത്തിയ മിനി ട്രക്കിന്റെ ഡ്രൈവര്‍ വരന്റെ കഴുത്തില്‍ ചാര്‍ത്തിയിരുന്ന നോട്ടുമാല പൊട്ടിച്ചെടുത്ത് വാഹനവുമായി വേഗത്തില്‍ ഓടിച്ചുപോയത്. എന്നാല്‍, സിനിമയെ വെല്ലുന്ന സീനായിരുന്നു പിന്നീട് അരങ്ങേറിയത്.
കഴുത്തിലെ നോട്ടുമാല പോയതോടെ വിവാഹം പോലും മറന്നായിരുന്നു വരന്റെ പ്രതികരണം. ട്രക്ക് കടന്നുപോയതിന് പിന്നാലെ അതുവഴിയെത്തിയ ഒരു ബൈക്കില്‍ അദ്ദേഹം കയറുകയും ട്രക്കിനെ പിന്തുടരുകയുമായിരുന്നു. പിന്നീട് ബൈക്ക് ട്രക്കിന് സമീപമെത്തിയപ്പോള്‍ അയാള്‍ അതിലേക്ക് ചാടികയറുകയായിരുന്നു. മിനി ട്രക്കിന്റെ സൈഡ് ബോഡിയില്‍ പിടിത്തം കിട്ടിയ വരന്‍ പിന്നീട് വാഹനത്തിലേക്ക് പ്രവേശിക്കുകയും വാഹനം നിര്‍ത്തുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഡ്രൈവറിന്റെ കൈയില്‍ നിന്ന് നോട്ടുമാല വിടിച്ചുവാങ്ങിയ ശേഷം അയാളെ വാഹനത്തില്‍ നിന്ന് ബലമായി വരന്‍ പിടിച്ചിറക്കുകയും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മറ്റാളുകളും ചേര്‍ന്ന് ഡ്രൈവറിനെ മര്‍ദിക്കുകയും ചെയ്തു. എന്തിനേറെ പറയുന്നു ആ സമയം ഇതുവഴി ഗ്യാസ് സിലണ്ടറുമായി ബൈക്കില്‍ പോകുകയായിരുന്ന ഒരാള്‍ കാര്യം അന്വേഷിക്കുകയും അയാളും ഡ്രൈവറെ മര്‍ദിക്കുന്നതിന്റെയും വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, മര്‍ദിക്കരുതെന്നും താന്‍ മോഷ്ടിക്കാന്‍ ഉദേശിച്ചിരുന്നില്ലെന്നും അബദ്ധത്തില്‍ നോട്ടുമാല തന്റെ കൈക്കലാക്കിയതാണെന്നുമാണ് ഡ്രൈവര്‍ പറയുന്നത്. സിനിമ സ്‌റ്റൈല്‍ പ്രകടനമായാണ് വരന്റെ നീക്കത്തെ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. അതേസമയം, വിമര്‍ശിക്കുന്നവരുമുണ്ട്. വിവാഹ വസ്ത്രമായ സ്യൂട്ടും തലപ്പാവുമണിഞ്ഞ് മിനി ട്രക്കിനെ പിന്തുടര്‍ന്നതും ബൈക്കില്‍ നിന്ന് അതിലേക്ക് ചാടികയറിയതുമാണ് ഈ സംഭവത്തിന് സിനിമാറ്റിക് ഫീല്‍ നല്‍കിയിരിക്കുന്നത്.

Related Articles

Back to top button