BREAKING NEWSLATESTNATIONAL

വിവാഹത്തിന് വരനായ എംഎല്‍എ എത്തിയില്ല; പരാതിയുമായി വധു

ഒഡീഷ: നിശ്ചയിച്ചുറപ്പിച്ച വിവാഹ ചടങ്ങിന് എത്താതിരുന്ന വരനെതിരെ പോലീസില്‍ പരാതിയുമായി പ്രതിശ്രുത വധു. ഒഡീഷ നിയമസഭാംഗം ബിജയ് ശങ്കര്‍ ദാസിനെതിരെയാണ് പ്രതിശ്രുത വധു സൊമാലിക ദാസ് പോലീസില്‍ പരാതി നല്‍കിയത്. ഏറെ നാളായി എംഎല്‍എയുമായി അടുപ്പത്തിലായിരുന്നെന്നും സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരാകാന്‍ തീരുമാനിച്ചെങ്കിലും എംഎല്‍എ ചടങ്ങിനെത്തിയില്ലെന്നുമാണ് സൊമാലികയുടെ പരാതിയില്‍ പറയുന്നത്.
ഒഡീഷയിലെ ടിര്‍ട്ടോളില്‍ നിന്നുള്ള ബിജെഡി എംഎല്‍എയാണ് ബിജയ് ശങ്കര്‍ ദാസ്. ജൂണ്‍ 17 വെള്ളിയാഴ്ച ജഗത്സിംഗ്പൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരാകാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹ ദിവസം എംഎല്‍എ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയില്ല. ഇതോടെയാണ് വധു പോലീസിനെ സമീപിച്ചത്.
സൊമാലിക ദാസും ബന്ധുക്കളും കൃത്യ സമയത്ത് തന്നെ വിവാഹത്തിനായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ എംഎല്‍എയോ, അദ്ദേഹത്തിന്റെ ബന്ധുക്കളോ ഒന്നും ചടങ്ങിലേക്ക് എത്തിയില്ല. മൂന്ന് മണിക്കൂറോളം ഓഫീസില്‍ കാത്ത് നിന്നിട്ടും എംഎല്‍എ എത്താതെ ആയതോടെ ഇതോടെ താനും ബന്ധുക്കളും മടങ്ങുകയായിരുന്നെന്നാണ് സൊമാലികയുടെ പരാതിയില്‍ പറയുന്നത്.
തൊട്ടടുത്ത ദിവസമാണ് ജഗത്സിംഗ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എംഎല്‍എയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ സോമാലിക പരാതി നല്‍കിയത്. ബിജയ് ശങ്കര്‍ ദാസിന്റെ അമ്മാവനും മറ്റു ബന്ധുക്കളും ചേര്‍ന്ന് അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയായിരുന്നെന്നും അതുകൊണ്ടാണ് എംഎല്‍എ വിവാഹത്തിന് എത്താതിരുന്നതെന്നുമാണ് യുവതി ആരോപിക്കുന്നത്.
ബിജയ് ശങ്കര്‍ ദാസിനെതിരെയും പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍ സൊമാലിക ദാസ് ഉന്നയിച്ചിട്ടുണ്ട്. എംഎല്‍എ തന്നെ വഞ്ചിച്ചെന്നു ഉപദ്രവിച്ചെന്നും പറയുന്ന പ്രതിശ്രുത വധു, അദ്ദേഹം തനിക്ക് തന്ന വാക്ക് പാലിച്ചില്ലെന്നും തന്റെ ഫോണ്‍ കോളുകളോട് പ്രതികരിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ മെയ് 17ന് ഞങ്ങള്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ രജിസ്‌ട്രേഷനായി അപേക്ഷിച്ചിരുന്നു. ജൂണ്‍ 17ന് വിവാഹം നടത്താമെന്ന് അദ്ദേഹം എനിക്ക് വാക്ക് നല്‍കിയിരുന്നു. പക്ഷേ അദ്ദേഹം വാക്ക് പാലിച്ചില്ല’ സൊമാലിക പറയുന്നു. എംഎല്‍എയുടെ ബന്ധുക്കള്‍ തന്നെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയാണെന്നും യുവതി ആരോപിച്ചു.
എന്നാല്‍ സൊമാലികയുടെ ആരോപണങ്ങള്‍ എംഎല്‍എ നിഷേധിക്കുകയാണ്. വിവാഹ രജിസ്‌ട്രേഷന് ഇനിയും 60 ദിവസങ്ങള്‍ ബാക്കിയുണ്ടെന്നാണ് അദ്ദേഹം പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്. ഇന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നും ബിജയ് ശങ്കര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker