BREAKINGINTERNATIONALNATIONAL

വിവാഹദിനത്തില്‍ വരന്‍ ധരിച്ചത് 35 അടിയുടെ നോട്ടുമാല, എല്ലാം കൂടി എത്ര വരുമെന്നോ?

വിവാഹദിനത്തില്‍ വരന്‍ അണിഞ്ഞ നോട്ടുമാല സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഒരു പാക്കിസ്ഥാനി വരനാണ് ഒരുലക്ഷം പാക്കിസ്ഥാനി രൂപയുടെ നോട്ടുമാലയണിഞ്ഞ് വിവാഹദിനത്തില്‍ എത്തിയത്.
മുപ്പതിനായിരം ഇന്ത്യന്‍ രൂപ വരും ഇത്. ഏകദേശം 35 അടി നീളം ഉണ്ടായിരുന്ന ഈ മാല 2000 നോട്ടുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. വിവാഹ പന്തലിലേക്ക് നീണ്ടുകിടന്ന ഈ മാല 50, 75 രൂപയുടെ നോട്ടുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. നോട്ടുമാല അണിഞ്ഞു നില്‍ക്കുന്ന വരന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. പാകിസ്ഥാന്‍ വാര്‍ത്താ വെബ്സൈറ്റായ ദി ഡെയ്ലി ഗാര്‍ഡിയന്‍ പറയുന്നതനുസരിച്ച്, വരന് അദ്ദേഹത്തിന്റെ സഹോദരന്‍ നല്‍കിയ സമ്മാനമാണ് മാല.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാകിസ്ഥാനിലെ പഞ്ചാബിലെ കോട്ല ജാം പ്രദേശവാസിയാണ് തന്റെ സഹോദരന് വിവാഹസമ്മാനമായി ഇത്തരത്തില്‍ ഒരു നോട്ടുമാല തയ്യാറാക്കിയത്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ മാലയുടെ വലിപ്പം വ്യക്തമാണ്. വിവാഹവേദിയില്‍ നില്‍ക്കുന്ന വരന്റെ അരികിലേക്ക് അയാളുടെ സഹോദരനും ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് മാല കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് ഉള്ളത്. മാലയുമായി വരുന്ന ഇവര്‍ വരനെ മാല അണിയിക്കുന്നതും വേദിയിലേക്ക് നീണ്ടുകിടക്കുന്ന മാല കണ്ട് അതിഥികള്‍ അമ്പരക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിയാളുകളാണ് രസകരമായ പ്രതികരണങ്ങള്‍ നടത്തിയത്. പാക്കിസ്ഥാനില്‍ ഇങ്ങനെ എന്ത് വേണമെങ്കിലും നടക്കും എന്നായിരുന്നു ഒരാള്‍ അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ മുഴുവന്‍ ജിഡിപിയും ധരിച്ചാണ് നില്‍പ്പ് എന്നായിരുന്നു മറ്റൊരു കമന്റ്.
ഏതാനും ദിവസങ്ങള്‍ മുന്‍പ് മറ്റൊരു നോട്ടുമാല സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഉത്തര്‍പ്രദേശിലെ ഒരു വരന്‍ തന്റെ നോട്ടുമാല മോഷ്ടിച്ച കള്ളനെ പിന്തുടര്‍ന്ന് പിടിച്ച ദൃശ്യങ്ങള്‍ ആയിരുന്നു ഇത്. ഓടിക്കൊണ്ടിരുന്ന മിനി ട്രക്കില്‍ ചാടി കയറി കള്ളനെ പിടികൂടുന്ന വരന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.

Related Articles

Back to top button