വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ബെലഗാവിയിലെ ആശുപത്രിയിലെ നഴ്സിനെ ഒരാള്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായി.അക്രമിക്കാനെത്തിയ യുവാവില്‍ നിന്നും യുവതി ധൈര്യപൂര്‍വ്വം രക്ഷപെടുന്നതും കാണാം.
പ്രകാശ് ജാദവ് എന്നയാളാണ് ചൊവ്വാഴ്ച ആശുപത്രി വളപ്പിലേക്ക് അതിക്രമിച്ച് കയറി റിസപ്ഷന്‍ കൗണ്ടറിന് സമീപം കാത്തുനിന്ന ശേഷം നഴ്സിന് നേരെ ക്രൂരമായ ആക്രമണം നടത്തിയത്. നഴ്സ് ധൈര്യമാണ് യുവാവിനെ പിന്തിരിപ്പിച്ച് രക്ഷപ്പെടുത്തിയത്.
പ്രകാശും നഴ്സും ഒരേ ഹോസ്പിറ്റല്‍ കോളനിയിലാണ് താമസിച്ചിരുന്നതെന്നും വിവാഹാവശ്യത്തിനായി ഇയാള്‍ അവരെ പീഡിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് നഴ്സിന്റെ കുടുംബം തന്റെ ആവശ്യം നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രകാശ് ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. നഴ്സിനെ ആക്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പ്രതിയുമായി ഏറ്റുമുട്ടുന്നതും സംഭവത്തിന്റെ വീഡിയോയില്‍ കാണാം.
ആക്രമണം രോഗികളിലും ആശുപത്രി ജീവനക്കാരിലും പരിഭ്രാന്തി സൃഷ്ടിച്ചു. പലരും ഭയന്ന് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. എന്നിരുന്നാലും, സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഖാഡെ ബസാര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്.
45 Less than a minute