കൊല്‍ക്കത്ത: വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും കൃത്യമായി പങ്കാളിയോട് പറഞ്ഞതിന് ശേഷമുള്ള ലിവ് ഇന്‍ റിലേഷന്‍ വിശ്വാസവഞ്ചനയായി കാണാന്‍ സാധിക്കില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. 11 മാസത്തെ ലിവ് ഇന്‍ റിലേഷനില്‍നിന്നും പിന്മാറി, ഭാര്യയുടെ കൂടെ വീണ്ടും ജീവിക്കാന്‍ പോയ ഹോട്ടല്‍ എക്‌സിക്യൂട്ടീവ് 10 ലക്ഷം രൂപ പിഴ നല്‍കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
ഐപിസി സെക്ഷന്‍ 415 പ്രകാരം വിശ്വാസവഞ്ചനയെന്നത് മനപ്പൂര്‍വമുള്ള ചതിയായിരിക്കണം. ഈ കേസില്‍ പരാതിക്കാരിയെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി വിവാഹം കഴിക്കാമെന്നു പ്രതി വാഗ്ദാനം നല്‍കിയെന്ന വാദം തെറ്റാണ്. പങ്കാളി വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും മറച്ചുവച്ചാല്‍ ലിവ് ഇന്‍ റിലേഷനുകളില്‍ അനിശ്ചിത്വത്തിന് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. പ്രതി വസ്തുതകള്‍ മറച്ചുവച്ചതായി തെളിയിക്കാത്ത സാഹചര്യത്തില്‍ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിക്കാരിയുടെ വാദം തെറ്റാണെന്നും കോടതി വ്യക്തമാക്കി.
2014 ഫെബ്രുവരിയില്‍ ഹോട്ടല്‍ ജോലിക്കുള്ള അഭിമുഖത്തിന് പോയ പരാതിക്കാരി ഫ്രണ്ട് ഡെസ്‌ക് മാനേജറായ പ്രതിയെ കണ്ടുമുട്ടുകയായിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍, പരാജയപ്പെട്ട വിവാഹജീവിതത്തെക്കുറിച്ച് പറഞ്ഞ പ്രതി പരാതിക്കാരിയുമായി ഇഷ്ടത്തോടെ സംസാരിക്കുകയും ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തു. തുടര്‍ന്ന് പ്രതി ലിവ് ഇന്‍ റിലേഷന് ക്ഷണിച്ചപ്പോള്‍ യുവതി ക്ഷണം സ്വീകരിച്ചു.
യുവതിയുടെ മാതാപിതാക്കള്‍ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ എത്രയും വേഗം വിവാഹം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പക്ഷേ വിവാഹമോചനം വൈകിപ്പിക്കുന്ന സമീപനമാണ് പ്രതി സ്വീകരിച്ചത്. ഒരു വര്‍ഷത്തിന് ശേഷം പ്രതി ഭാര്യയെ കാണുന്നതിന് മുംബൈയിലേക്ക് പോയി. തിരികെ കൊല്‍ക്കത്തയിലേക്ക് വന്നപ്പോള്‍ താന്‍ വിവാഹമോചനത്തിന് ആഗ്രഹിക്കുന്നില്ലെന്ന നിലപാട് യുവതിയെ അറിയിച്ചു. ഇതോടെയാണ് യുവതി ബലാത്സംഗവും വിശ്വാസവഞ്ചനയും നടന്നതായി ആരോപിച്ച് പ്രഗതി മൈതാന്‍ പൊലീസ് സ്റ്റേഷനില്‍ കേസ് കെടുത്തത്.
നിലവിലുള്ള വിവാഹബന്ധം വേര്‍പെടുത്തി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ലിവ് ഇന്‍ റിലേഷന് തയാറായതെന്ന് യുവതി കോടതിയില്‍ വാദിച്ചു. ഈ കേസില്‍, വിവാഹ വാഗ്ദാനം വിവാഹ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിക്ക് സ്വന്തമായി വിവാഹമോചനം സാധ്യമാകില്ല. അതിന് പങ്കാളി സമ്മതിക്കണം അല്ലെങ്കില്‍ കോടതി ഉത്തരവിടണം. അതിനാല്‍, ഈ ബന്ധത്തിന്റെ തുടക്കം മുതല്‍ അനിശ്ചിതത്വമുണ്ടായിരുന്നു. പ്രതിക്ക് ഒരു ദുഷ്ടലാക്കുണ്ടായിരുന്നതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.