ന്യു ഡല്‍ഹി: ഫുഡ് ഡെലിവറിക്കും മെഡിക്കല്‍ പാക്കേജുകള്‍ക്കുമായി ഇന്ത്യയില്‍ ഡ്രോണ്‍ ഡെലിവറി പരീക്ഷിക്കാന്‍ ഭക്ഷണവിതരണകമ്പനിയായ സ്വിഗ്ഗി. എഎന്‍ആര്‍എ ടെക്നോളജീസുമായി സഹകരിച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇത് നിലവില്‍ വരുന്നത്. ഇന്ത്യയില്‍ ബിയോണ്ട് വിഷ്വല്‍ ലൈന്‍ ഓഫ് സൈറ്റ് (ബിവിലോസ്) പ്രവര്‍ത്തനങ്ങള്‍ക്കായി ട്രയല്‍ ആരംഭിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം (എംഒഡി), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷന്‍ (ഡിജിസിഎ), സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എന്നിവയില്‍ നിന്ന് അന്തിമ അനുമതി ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
മാസങ്ങളുടെ ആസൂത്രണത്തിനും വിലയിരുത്തലിനും ശേഷം എയര്‍ ട്രാഫിക് കണ്ട്രോള് അനുമതിയോടെ 2021 ജൂണ്‍ 16 ന് സ്മാര്ട്ട്സ്കീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഫ്ലൈറ്റ് ടീം ഭക്ഷണ, മെഡിക്കല്‍ പാക്കേജ് ഡെലിവറികള്‍ എറ്റാ, റുപ്നഗര്‍ ജില്ലകളില്‍ നടത്തി. ഇതിനുപുറമെ, മെഡിക്കല്‍ ഡെലിവറികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി റോപറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി പങ്കാളിയായി.
മരുന്നുകളും മറ്റ് വൈദികാവശ്യങ്ങളും ഡ്രോണ്‍ വഴി ഇന്ത്യയില്‍ പലയിടത്തും നടപ്പാകുന്നുണ്ട്. തെലങ്കാനയിലെ ‘മെഡിസിന് ഫ്രം സ്കൈ’ പദ്ധതിക്ക് കീഴില്‍ പൈലറ്റ് ഡ്രോണ്‍ വിതരണം ചെയ്യുമെന്ന് ഗൂഗിള്‍ പിന്തുണയുള്ള ഡന്‍സോ ജൂണ്‍ മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഡ്രോണ്‍ ഡെലിവറി ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വാക്സിനുകളും മരുന്നും തല്‍ക്ഷണം ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. മെഡിസിന് ഫ്രം സ്കൈ പ്രോജക്ടിനായി, തെലങ്കാന സര്‍ക്കാര്‍ വേള്‍ഡ് ഇക്കണോമിക് ഫോറവും നിതി ആയോഗും പങ്കാളികളായിരുന്നു.