KERALALATEST

വിസ്മയയുടെ മരണം: ഡമ്മി ഉപയോഗിച്ച് പരിശോധന, രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചു

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഡമ്മി ഉപയോഗിച്ച് പരിശോധന നടത്തി. പ്രതി കിരണ്‍കുമാറിന്റെ വീട്ടിലെ ശൗചാലയത്തിലാണ് ഡമ്മി ഉപയോഗിച്ച് സംഭവം പുനരാവിഷ്‌കരിച്ചത്. വിസ്മയയെ ശൗചാലയത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതും ഇതിനുശേഷം കിരണ്‍കുമാര്‍ ചെയ്തകാര്യങ്ങളുമെല്ലാം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു.
വാതില്‍ ചവിട്ടിത്തുറന്നതും പിന്നീടുണ്ടായ കാര്യങ്ങളും കിരണ്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചുകാണിച്ചു. ഇതെല്ലാം പോലീസ് സംഘം ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു. പോലീസ് സര്‍ജനും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
ചൊവ്വാഴ്ച രാവിലെ കിരണ്‍കുമാറുമായി പോരുവഴിയിലെ എസ്.ബി.ഐ. ശാഖയിലാണ് പോലീസ് സംഘം ആദ്യം തെളിവെടുപ്പ് നടത്തിയത്. ഇവിടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 42 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വിസ്മയയും കിരണും ഒരുമിച്ചെത്തിയാണ് സ്വര്‍ണം ലോക്കറില്‍വെച്ചത്. ഇതിനുശേഷം സ്വര്‍ണം ലോക്കറില്‍നിന്നെടുത്തിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
ബാങ്കിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് കിരണ്‍കുമാറിന്റെ വീട്ടില്‍ തെളിവെടുപ്പും ശാസ്ത്രീയ പരിശോധനയും നടത്തിയത്. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഇതിനുവേണ്ടിയാണ് ശാസ്ത്രീയപരിശോധനകള്‍ നടത്തിയതെന്നും പോലീസ് പറഞ്ഞു.
കിരണിനെ പന്തളത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തും. വിവാഹത്തിന് മുമ്പ് ഇവിടെവെച്ച് കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് കിരണ്‍ മൊഴി നല്‍കിയിരുന്നെങ്കിലും ഇവിടെയും തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനിച്ചത്.
അതിനിടെ, വിസ്മയയെ താന്‍ അഞ്ച് തവണ മര്‍ദിച്ചതായി കിരണ്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വിസ്മയ മരിച്ചദിവസം മര്‍ദിച്ചിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. തികച്ചും നിര്‍വികാരനായാണ് പ്രതി സ്വന്തം വീട്ടിലടക്കം തെളിവെടുപ്പിനെത്തിയത്. ബുധനാഴ്ച വരെയാണ് കിരണിന്റെ കസ്റ്റഡി കാലാവധി. നാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം രണ്ടുദിവസം കൂടി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനും സാധ്യതയുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker