BREAKING NEWSKERALA

വിസ്മയയുടെ മരണം: ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: ശാസ്താംകോട്ട ശൂരനാട് ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂടിയായ കിരണിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതിനിടെ മകളെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ രംഗത്തെത്തി. കാറു വില്‍ക്കണമെന്നാവശ്യപ്പെട്ട് വിസ്മയയെ കിരണ്‍ മര്‍ദ്ദിക്കുമായിരുന്നുവെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
മൂന്നു മാസമായി മകള്‍ക്കു നേരെ കടുത്ത മര്‍ദ്ദനമായിരുന്നു. കടയ്ക്കലിലെ സ്വന്തം വീട്ടിലേക്ക് വന്നെങ്കിലും പിന്നീട് വിസ്മയ വീണ്ടും ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങി. കടയ്ക്കലിലെ വീട്ടിലും കിരണ്‍ മകളെ തല്ലിയെന്നും അച്ഛന്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ എസ് ഐയേയും കൈയേറ്റം ചെയ്തു. മര്‍ദ്ദനമേറ്റ ചിത്രങ്ങള്‍ മകള്‍ അയച്ചത് പോലീസിനും വനിതാ കമ്മിഷനും കൈമാറിയെന്നും വിസ്മയയുടെ അച്ഛന്‍ വ്യക്തമാക്കി.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ശാസ്താംകോട്ട ശാസ്താംനടയിലെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മകളെ ഭര്‍ത്താവ് കിരണ്‍കുമാര്‍ കൊലപ്പെടുത്തിയത് തന്നെയാണെന്നാണ് വിസ്മയയുടെ പിതാവിന്റെ ആവര്‍ത്തിച്ചുള്ള ആരോപണം.
2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം. 100 പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 20 സെന്റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ കാര്‍ വിറ്റ് പണം നല്‍കാന്‍ വീട്ടുകാരോട് ആവശ്യപ്പെടാന്‍ വിസ്മയയെ ഇയാള്‍ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണ് മകളെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചതെന്നും വിസ്മയയുടെപിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
കാറിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, കുറച്ച് നാള്‍ മുമ്പ് മദ്യപിച്ച് ലക്കുകെട്ട് കിരണ്‍ പാതിരാത്രിയില്‍ വിസ്മയയെ വീട്ടില്‍ കൊണ്ടാക്കുകയും വീട്ടുകാരുടെ മുന്‍പില്‍ വെച്ച് മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത സഹോദരന്‍ വിജിത്തിനെയും കയ്യേറ്റം ചെയ്തു. എന്നാല്‍ ഒരു മാസം കഴിഞ്ഞ് വിസ്മയ ഭര്‍ത്താവിനൊപ്പം മടങ്ങി. പിന്നെയും മര്‍ദ്ദനം തുടര്‍ന്നതോടെ ഇക്കാര്യം അമ്മ സജിതയെ വിസ്മയ ഫോണിലൂടെ അറിയിച്ചു. മരിക്കുന്നതിന് തലേദിവസവും മര്‍ദ്ദനമേറ്റ പാടുകള്‍ ഫോണില്‍ പകര്‍ത്തി അമ്മയ്ക്കയച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker