BREAKING NEWSKERALA

വിസ്മയയെ മര്‍ദിച്ചെന്ന് സമ്മതിച്ച് കിരണ്‍, വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ ജീവനൊടുക്കിയനിലയില്‍

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരേ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു. വിസ്മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കിരണ്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിസ്മയയെ താന്‍ മുമ്പ് മര്‍ദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ചചിത്രങ്ങളിലുള്ളത് മുമ്പ് മര്‍ദിച്ചതിന്റെ പാടുകളാണെന്നും ഇയാള്‍ മൊഴി നല്‍കി.
തിങ്കളാഴ്ച പുലര്‍ച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. വഴക്കിന് ശേഷം വീട്ടില്‍പോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരണ്‍കുമാര്‍ പോലീസിനോട് പറഞ്ഞു. വഴക്കിന് ശേഷം ശൗചാലയത്തില്‍പോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല.
20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാല്‍ വാതില്‍ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടതെന്നും കിരണ്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, കേസില്‍ കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ കിരണിന്റെ അമ്മ വിസ്മയയെ മര്‍ദിച്ചതായി വിസ്മയയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker