KERALALATESTPOLITICS

വി മുരളീധരന്‍ കഴക്കൂട്ടത്ത്,നേമത്ത് കുമ്മനം; എ പി അബ്ദുല്ലക്കുട്ടിയും വത്സന്‍ തില്ലങ്കേരിയും മത്സരരംഗത്ത്, ബിജെപി സാധ്യതാപട്ടികയില്‍ പ്രമുഖര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ വീണ്ടും കളത്തില്‍ ഇറങ്ങിയേക്കും. കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങാമെന്നാണ് മുരളീധരന്റെ നിലപാട്. അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച കഴക്കൂട്ടത്ത് തന്നെ സ്ഥാനാര്‍ഥിയാകും. മത്സര സാധ്യത മുന്നില്‍ കണ്ട് മുരളീധരന്‍ മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി ജനപ്രതിനിധികളെ നേരിട്ട് പോയി കണ്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ബി ജെ പിയുടെ പ്രമുഖ നേതാക്കള്‍ മത്സരരംഗത്തിറങ്ങും. എ പി അബ്ദുല്ലക്കുട്ടിയുടെയും വത്സന്‍ തില്ലങ്കേരിയുടെയും പേരുകള്‍ കോഴിക്കോട് സജീവ പരിഗണനയിലുണ്ടെന്നാണ് ബി ജെ പിയിലെ ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബേപ്പൂരോ കുന്ദമംഗലത്തോ എ പി അബ്ദുല്ലക്കുട്ടിയെ മത്സരിപ്പിക്കണമെന്നാണ് ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, അലി അക്ബറിന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് വലിയ താല്‍പര്യമില്ല എന്നാണ് സൂചന. എങ്കിലും കൊടുവള്ളിയോ നാദാപുരമോ അലി അക്ബറിന് സാധ്യതയുള്ള സീറ്റുകളാണ്.

ശബരിമല സമരത്തില്‍ സജീവ സാന്നിധ്യമായിരുന്ന ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ എലത്തൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കുമെന്നാണ് വിവരം. കോഴിക്കോട് നോര്‍ത്തില്‍ എം ടി രമേശിന്റെ പേരാണ് പരിഗണനയിലുള്ളത്. ജില്ലാ പ്രസിഡന്റ് വി കെ സജീവന് വടകരയില്‍ സീറ്റ് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. കൊയിലാണ്ടിയില്‍ ദേശീയ കൗണ്‍സില്‍ അംഗം കെ പി ശ്രീശന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. തദേശ തെരഞ്ഞെടുപ്പില്‍ 25,000ത്തിലധികം വോട്ടുകള്‍ നേടിയ മണ്ഡലങ്ങളിലാണ് പ്രമുഖ നേതാക്കളെ ഇറക്കാന്‍ ആലോചന. ജനസമ്മതരായ പ്രമുഖര്‍ കളത്തിലിറങ്ങുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ പറഞ്ഞു.

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍, അഡ്വ. കെ പി പ്രകാശ് ബാബു, ടിപി ജയചന്ദ്രന്‍, പി രഘുനാഥ്, നവ്യാഹരിദാസ്, ടിവി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. കോഴിക്കോട് രണ്ട് സീറ്റിലെങ്കിലും ജയിക്കണമെന്ന കേന്ദ്രനിര്‍ദേശമുണ്ടെന്നിരിക്കെ ജനസമ്മിതിയുള്ളവര്‍ക്കാണ് നറുക്കുവീഴുക.

കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളയാത്ര ഫെബ്രുവരിയില്‍ ആരംഭിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി തീരുമാനം. സുരേന്ദ്രന്റെ തട്ടകമായ കോഴിക്കോട് ഒരു സീറ്റിലെങ്കിലും വിജയിക്കുകയെന്നതില്‍ കുറഞ്ഞൊന്നുമില്ല. പക്ഷേ കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ മൂന്നാം സ്ഥാനത്ത് തന്നെയായിരുന്നു എന്‍ഡിഎ.

Related Articles

Back to top button