വീട്ടിലിരുന്ന് എവറസ്റ്റ് കീഴടക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ യുവാവ് ഇടം നേടി എന്ന് കേള്‍ക്കുമ്പോള്‍ എന്തോ ഒരു പന്തികേട് തോന്നിയോ എന്നാല്‍ സംശയിക്കേണ്ട കേട്ടത് സത്യം തന്നെ. സീന്‍ ഗ്രീസ്ലി എന്ന ചെറുപ്പക്കാരനാണ് വീട്ടിലിരുന്ന് ഏവറസ്റ്റ് കീഴടക്കിയത്. ഏങ്ങനെയെന്നല്ലേ സീന്‍ ഗ്രീസ്ലി ഇതുവരെ യഥാര്‍ത്ഥ ഏവറസ്റ്റ് പര്‍വ്വതം നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹം വീട്ടിലിരുന്ന് ഏവറസ്റ്റിന്റെ ഉയരം കീഴടക്കി. അങ്ങനെയാണ് സീന്‍ ഗ്രീസ്ലി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ (GWR) ഇടം നേടിയതും. ലാസ് വെഗാസിലെ തന്റെ വീട്ടിലെ കോണിപ്പടികള്‍ 23 മണിക്കൂറോളം നേരം തുടര്‍ച്ചയായി കയറിയിറങ്ങിയാണ് സീന്‍ ഗ്രീസ്ലി, ഏവറസ്റ്റിന്റെ ഉയരത്തിന് തുല്യമായ 8,848.86 മീറ്റര്‍ ദൂരം താണ്ടിയത്.
കൃത്യമായി പറഞ്ഞാല്‍ 22 മണിക്കൂറും 57 മിനിറ്റും 2 സെക്കന്‍ഡും കൊണ്ടാണ് ഗ്രീസ്ലി കയറ്റം പൂര്‍ത്തിയാക്കിയത്. ഇതോടെ ഗോവണി ഉപയോഗിച്ച് എവറസ്റ്റിന്റെ ഉയരം ഏറ്റവും വേഗത്തില്‍ കീഴടക്കുന്ന വ്യക്തി എന്ന ലോക റെക്കോര്‍ഡ് ഗ്രീസ്ലിയ്ക്ക് സ്വന്തമായി. COVID-19 പാന്‍ഡെമിക് സമയത്ത് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചതിന് ശേഷം ആത്മഹത്യാ പ്രവണത തടയുന്നതിന് ഫണ്ട് സ്വരൂപിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായാണ് ഇത്തരത്തില്‍ വേറിട്ട ഒരു ശ്രമം നടത്തിയതെന്നുമാണ് ഗ്രീസ്ലി നേട്ടത്തോട് പ്രതികരിക്കവെ വ്യക്തമാക്കിയത്.
2021 സെപ്തംബര്‍ 3, 4 തീയതികളില്‍ യൂട്യൂബില്‍ തന്റെ റെക്കോര്‍ഡ് ശ്രമം ലൈവ് സ്ട്രീം ചെയ്തപ്പോള്‍, ആത്മഹത്യ തടയുന്നതിനുള്ള അമേരിക്കന്‍ ഫൗണ്ടേഷന് വേണ്ടി 409.85 ഡോളര്‍ (ഏകദേശം 34,000 രൂപ) സമാഹരിക്കാന്‍ ഗ്രീസ്ലിയ്ക്ക് കഴിഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നിബന്ധനകളനുസരിച്ച് ഗോവണി കയറുന്നതിനിടയില്‍ ഇടവേളകള്‍ എടുക്കാന്‍ ഗ്രീസ്ലിയ്ക്ക് അനുവാദമുണ്ടായിരുന്നു. എന്നാല്‍, ഇടവേളകള്‍ ഇല്ലാതെയാണ് ഗ്രീസ്ലി ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ കയറുമ്പോള്‍ കൈവരി ഉപയോഗിക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. യഥാര്‍ത്ഥ മല കയറുമ്പോള്‍ പര്‍വതാരോഹകര്‍ക്ക് ആ സാധ്യത ഇല്ലാത്തത് കൊണ്ടാണ് താനും അത് ഉപേക്ഷിച്ചതെന്ന് ഗ്രീസ്ലി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ ഈ നേട്ടത്തിനായി താന്‍ നടത്തിയ തയ്യാറെടുപ്പുകളും അദ്ദേഹം പങ്കുവെച്ചു. തന്റെ ചുവടുകള്‍ ട്രാക്കുചെയ്യുന്നതിന് ഒരു പ്രത്യേക സോഫ്‌റ്റ്വെയര്‍ നിര്‍മ്മിച്ചതായി വീഡിയോയില്‍ അദ്ദേഹം വിശദീകരിക്കുന്നു. തന്റെ ഗോവണി കയറ്റം പകര്‍ത്താന്‍ പല ഭാഗങ്ങളിലായി നിരവധി ക്യാമറകളും അദ്ദേഹം സ്ഥാപിച്ചിരുന്നു. ഇവ പരിശോധിച്ചാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സമിതി അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചത്.
85 1 minute read