KERALALATEST

വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ 10 വയസുകാരി സൈക്കിളില്‍ സഞ്ചരിച്ചത് 30 കിലോമീറ്റര്‍, ഒടുവില്‍ പൊലീസ് വാഹനത്തില്‍ തിരികെ വീട്ടിലേക്ക്

ഹരിപ്പാട്: വീട്ടുകാരുമായി പിണങ്ങി സൈക്കിളില്‍ വീട് വിടുവിട്ടിറങ്ങിയ 10 വയസുകാരി സഞ്ചരിച്ചത് 30 കിലോമീറ്റര്‍. ആലപ്പുഴ വള്ളികുന്നം സ്വദേസിയായ കുട്ടി കരുവാറ്റയില്‍ വെച്ചാണ് കണ്ടെത്തിയത്. വിഷയത്തില്‍ ഇടപെട്ട പോലീസ് കുട്ടിയെ തിരികെ വീട്ടില്‍ എത്തിച്ചു.
ശനിയാഴ്ച രാവിലെ വീട് വിട്ടിറങ്ങിയ കുട്ടി കരുവാറ്റ കന്നുകാലിപ്പാലത്തെ പെട്രോള്‍ ബങ്കിന് സമീപത്തെ വീട്ടില്‍ വെള്ളം കുടിക്കാന്‍ എത്തിയതാണ് കുട്ടിയെ കണ്ടെത്താന്‍ പോലീസിന് സഹായമായത്. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും സൈക്കിളില്‍ പുറത്ത് പോയ കുട്ടിയെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും സന്ദേശങ്ങള്‍ പങ്കുവച്ചു.
കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ വള്ളികുന്നം, കായംകുളം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചു. ഇതിനിടെ കായംകുളത്ത് നിന്ന് ദേശീയ പാതയിലൂടെ കുട്ടി വടക്കോട്ട് പോയെന്ന വിവരം ലഭിച്ചതോടെ ഹൈവേ പോലീസ് തെരച്ചില്‍ ആരംഭിച്ചു. വിവിധ പോലീസ് സ്റ്റേഷനുകള്‍ സംയുക്തമായി തെരച്ചില്‍ ആരംഭിച്ചതിനിടെ പുന്നപ്രഭാഗത്ത് കൂടി ഒരു പെണ്‍കുട്ടി സൈക്കിളില്‍ സഞ്ചരിച്ചുവെന്ന സന്ദേശം ലഭിച്ചതോടെ ഈ പ്രദേശത്തും പോലീസെത്തി.
മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനിടെ സൈക്കിളില്‍ അതിവേഗം സഞ്ചരിച്ച കുട്ടിയെ കണ്ടെത്താന്‍ പോലീസിനായില്ല. ഇതിനിടെ കരുവാറ്റ കന്നുകാലിപ്പാലത്തെ പെട്രോള്‍ ബങ്കിന് സമീപത്തെ വീട്ടില്‍ വെള്ളം കുടിക്കാന്‍ കുട്ടി എത്തിയതാണ് നിര്‍ണായകമായത്. ദീര്‍ഘനേരം സൈക്കിള്‍ ചവിട്ടിയതിനാല്‍ പെണ്‍കുട്ടി വിയര്‍ത്ത അവസ്ഥയിലായിരുന്നു. വെള്ളം നല്‍കിയതിനിടെ എവിടെയാണ് വീടെന്ന് വീട്ടുകാര്‍ കുട്ടിയോട് ചോദിച്ചു. സ്‌കൂളിലേക്ക് പോകുകയാണെന്നും ഓച്ചിറയിലാണ് വീടെന്നും കായംകുളത്ത് നിന്ന് വരുകയാണെന്നുമുള്ള പരസ്പര ബന്ധമില്ലാത്ത തരത്തിലുള്ള കുട്ടിയുടെ സംസാരത്തില്‍ ഇവര്‍ക്ക് സംശയം തോന്നി.
കുട്ടിയുമായി കൂടുതല്‍ സംസാരിക്കുന്നതിനിടെ വീട്ടുകാര്‍ വിവരം പ്രദേശത്തെ ജനപ്രതിനിധികളെ അറിയിച്ചു. ഉടന്‍ തന്നെ ഹരിപ്പാട് പോലീസ് ഉടന്‍ സ്ഥലത്തെത്തി. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കായംകുളം, വള്ളികുന്നം സ്റ്റേഷനുകളിലെ വനിത പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. സൈക്കിളും പോലീസ് വീട്ടിലെത്തിച്ച് നല്‍കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker