BREAKINGKERALA
Trending

വീണ്ടും നിപ മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന പതിനാലുകാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജില്‍ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യുവിലേക്ക് മാറ്റിയത്.
ഇന്ന് രാവിലെ 10.50-ന് ഹൃദയാഘാതമുണ്ടാകുകയും രക്തസമ്മര്‍ദ്ദം താഴുകയുമായിരുന്നു. ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി. തുടര്‍ന്നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലുമാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്.
11 ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും നിരീക്ഷണത്തിലാണ്.
2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ അഞ്ച് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടര്‍ന്ന് 17 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ല്‍ പന്ത്രണ്ടുകാരനും 2023-ല്‍ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതോടെ കേരളത്തില്‍ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.

രോഗിയുടെ റൂട്ട് മാപ്പ്

മലപ്പുറം: പാണ്ടിക്കാട് നിപരോഗം സ്ഥിരീകരിച്ച പതിനാലുകാരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പില്‍ പറയുന്ന സ്ഥലങ്ങളില്‍ അതത് സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവരും സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും എത്രയുംവേഗം കണ്‍ട്രോള്‍റൂമില്‍ വിളിച്ച് പേരുവിവരങ്ങളും ഫോണ്‍ നമ്പറും അറിയിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

(ദിവസവും സമയവും സ്ഥലവും)

ജൂലായ് 11- രാവിലെ 6.50 പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ വീട്ടില്‍
ജൂലായ് 11- രാവിലെ 7.18 പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷന്‍ സെന്റര്‍. പോയത് സി.പി.ബി. ബസില്‍
ജൂലായ് 12- രാവിലെ എട്ടു മുതല്‍ 8.30 വരെ ഡോ. വിജയന്റെ ക്ലിനിക്ക്
ജൂലായ് 13- രാവിലെ ഏഴുമുതല്‍ 7.30 വരെ പി.കെ.എം. ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം ഒ.പി.യില്‍
ജൂലായ് 15- രാവിലെ 8.30 മുതല്‍ രാത്രി എട്ടുവരെ പി.കെ.എം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ഒ.പി.യിലും
ജൂലായ് 15- രാത്രി 8.30 മുതല്‍ മൗലാന ആശുപത്രി അത്യാഹിത വിഭാഗത്തില്‍
മലപ്പുറം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ പ്രോട്ടോകോള്‍ പ്രകാരം പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് ജാഗ്രതാ നിര്‍ദേശം. ആരോഗ്യവകുപ്പ് മലപ്പുറത്ത് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

Related Articles

Back to top button