BREAKING NEWSKERALALATEST

വീണ എസ് നായര്‍ പറയുന്നു… ആ സിഐക്ക് ഞങ്ങള്‍ ‘ഐറ്റം’ അത്രെ, ഇതാണ് കേരളത്തിന്റെ സ്ത്രീ സുരക്ഷ സന്ദേശം

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടാന്‍ നിയമപോരാട്ടം നടത്തുന്ന അനുപമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയിലേക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ക്ക് പോലീസില്‍ നിന്നും ദുരനുഭവം ഉണ്ടായതായി ആരോപണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 26 നായിരുന്നു വീണ എസ് നായരും മറ്റ് പ്രവര്‍ത്തകരും നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്.
തങ്ങളെ പോലീസ് ‘ഐറ്റം’ എന്ന് വിളിച്ചെന്നാണ് വീണ ആരോപിക്കുന്നത്. മാര്‍ച്ചിനിടെ പരിക്കേറ്റ തങ്ങള്‍ക്ക് പോലീസ് പ്രഥമ ശുശ്രൂഷ പോലും നല്‍കിയില്ലെന്നും വീണ ആരോപിച്ചു.
വീണ പറയുന്നത് ഇങ്ങനെ പോലീസ് സ്റ്റേഷനില്‍ എത്തിയ ഉടനെ ഞങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചു. മുറിവ് സെപ്റ്റിക്ക് ആകാന്‍ സാധ്യതയുണ്ട് എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്ന് കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ വീണ്ടും വീണ്ടും അഭ്യര്‍ത്ഥിച്ചു കൊണ്ടിരിന്നു. എന്നാല്‍ രാഷ്ട്രീയ തിമിരം ബാധിച്ച ഇവര്‍ക്ക് എന്ത് മുനുഷ്യത്വം.അതിനിടെ അഖിലയ്ക്കും എനിക്കും തലകറക്കം ഉണ്ടായി. ഒരു ഗ്ലാസ് വെള്ളം പോലും തരാന്‍ അവര്‍ കൂട്ടാക്കിയില്ല. നിയമ പഠനത്തിന്റെ ഭാഗമായി പഠിച്ച മനുഷ്യാവകാശ നിയമങ്ങളും,ഭരണഘടനാ വ്യവസ്ഥകളും, സിആര്‍പിസി, ഡികെ ബസു കേസുമെല്ലാം വെറും പുസ്തക താളുകളില്‍ ഒതുങ്ങുന്നതാണ് എന്ന തിരിച്ചറിവാണ് ഈ ദിവസങ്ങളില്‍ ഉണ്ടായത്.
ഞങ്ങളെ കാണാന്‍ വന്ന ടി സിദ്ദിഖ് എംഎല്‍എ പോലീസുകാരോട് എത്രയും പെട്ടന്ന് ഞങ്ങളെ ആശുപത്രിയില്‍ എത്തിക്കണം എന്ന് പറഞ്ഞ് പ്രതിഷേധിച്ചു. തുടര്‍ന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉള്‍പ്പെടെയുള്ള അനുജന്മാര്‍ ഞങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു.
തുടര്‍ന്ന് ഞങ്ങളെ രണ്ട് പേരെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. മുറിവ് സെപ്റ്റിക്ക് ആകാന്‍ സാധ്യതയുള്ളതിനാല്‍ ടിടി ഇന്‍ജെക്ഷന്‍ നല്‍കി. ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞു എന്നെ കാണാന്‍ വന്ന ഭര്‍ത്താവിനോട് പോലീസ് അപമാര്യദയായി പെരുമാറി. മുറിവേറ്റ എന്നോട് സംസാരിച്ച ഭര്‍ത്താവിനോട് പുറത്തു തട്ടി മാറി നില്‍ക്കാന്‍ പറഞ്ഞു. എന്റെ ഭാര്യയാണ് എനിക്കൊന്നു സംസാരിക്കണം എന്ന് പറഞ്ഞപ്പോള്‍ ‘പോലീസ് കസ്റ്റടിയിലുള്ള പ്രതിയാണ് അങ്ങിനെ സംസാരിക്കാനൊന്നും സാധിക്കില്ല എന്ന് പോലീസുകാരന്‍ ഗൗരവ സ്വരത്തില്‍ പറഞ്ഞു’. അതുക്കൊണ്ട് ആരായാലും മാറി നില്‍ക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മാറി നിന്നു. തുടര്‍ന്ന് എന്നെ ഡ്രസ്സ് ചെയ്യാന്‍ കൊണ്ടുപോയി.
അപ്പോള്‍ കയറിവന്ന കാന്റോന്‍മെന്റ് സിഐ ഉറച്ച സ്വരത്തില്‍ അതിലധികം പുച്ഛത്തോടെ എന്റെ ഭര്‍ത്താവിന്റെ മുന്‍പില്‍ വച്ച് അടുത്ത് നിന്ന കീഴുദ്യോഗസ്ഥനോട് ചോദിച്ചു ‘ ഇപ്പോള്‍ കൊണ്ടുവന്ന ‘ഐറ്റങ്ങള്‍’ എവിടെപ്പോയി?’. അപ്പോള്‍ ആ പോലീസുകാരന്‍ പറഞ്ഞു ‘ ഒരാളെ ഡ്രസ്സ് ചെയ്യാന്‍ കൊണ്ടുപോയി, മറ്റയാള്‍ അവിടെ ഡ്രിപ് ഇട്ടു കിടപ്പുണ്ട് ‘. ഇത് എന്നോട് ഭര്‍ത്താവ് പറയുന്നതിനിടക്ക് എന്നെ വനിതാ പോലീസുകാര്‍ പിടിച്ചു കൊണ്ടുപോയി.
അങ്ങിനെ പോലീസിന്റെ ‘ ഐറ്റങ്ങള്‍’ നാല് ദിവസം ജയിലില്‍ കിടന്നു. ഇന്ന് പുറത്തു വന്നു. വനിതാ മുന്നേറ്റവും സ്ത്രീ ശാക്തീകരണവും നാഴികക്ക് നാല്പതു വട്ടം പറയുന്ന ഈ സര്‍ക്കാരിന്റെ കീഴിലുള്ള അഭ്യന്തര വകുപ്പ് എന്ത് സ്ത്രീ സുരക്ഷാ സന്ദേശമാണ് നല്‍കുന്നത് .
ഐറ്റം വിളി നടത്തിയ പോലീസുകാരന്റെ മകളും അമ്മയും ഭാര്യയും അയാളെ തിരുത്തട്ടെ. എനിക്ക് ഏറ്റവും രസമായി തോന്നിയ കാര്യം ‘നിയമസഭയ്ക്ക് അകത്ത് എല്ലാം തല്ലിപൊളിച്ചവര്‍ ഒരു ദിവസം പോലും അഴിക്കുള്ളില്‍ കിടന്നില്ല. എന്നാല്‍ പുറത്ത് പ്രകടനം നടത്തിയ ഏഴ് വനിതകള്‍(രണ്ട് മുലയൂട്ടൂന്ന അമ്മമാര്‍ )നാല് ദിവസം അഴിക്കുള്ളില്‍.’ സ്ത്രി സുരക്ഷയും സ്ത്രീ ശാക്തീകരണവും നീണാള്‍ വാഴട്ടെ.’ വീണ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി സ്ത്രീകളോട് പൊതുസമൂഹം എങ്ങനെ പെരുമാറുന്നുവെന്ന അളവുകോല്‍ വച്ചാണ് ഒരു സമൂഹം പരിഷ്‌കൃതമാണോയെന്ന് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ കേരളം പരിഷ്‌കൃത സമൂഹമല്ലെന്നു പറയേണ്ടി വരുമെന്ന്, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. നീതി തേടിയെത്തുന്ന സ്ത്രീകളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പോലും പരിഹസിക്കുന്നതും അപമാനിക്കുന്നതും കേരളത്തില്‍ പതിവ് രീതിയായി മാറിയിരിക്കുകയാണ്. സ്വന്തം കുഞ്ഞിനെ തേടുന്ന ഒരമ്മയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കളോടുള്ള പൊലീസിന്റെ സമീപനം എന്തായിരുന്നു? പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായ വനിതാ നേതാക്കള്‍ക്കെതിരെ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശമാണ് കന്റോണ്‍മെന്റ് സിഐ നടത്തിയത്. പൊലീസ് കസ്റ്റഡിയില്‍ നേരിട്ട അവഹേളനത്തെ കുറിച്ചും അപമാനത്തെ കുറിച്ചും യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ വീണ എസ് നായര്‍ ഫേസ്ബുക്കില്‍ പറഞ്ഞിട്ടുണ്ട്. ആ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇതാണോ കേരള പൊലീസിന്റെ നയവും ഭാഷയുമെന്ന് മുഖ്യമന്ത്രി പറയണം. നവോത്ഥാന ചരിത്രവും സ്ത്രീ സുരക്ഷയും നിരന്തരം ഓര്‍മ്മിപ്പിക്കുന്ന മുഖ്യമന്ത്രി ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പെണ്‍കുട്ടികളോടും സ്ത്രീകളോടും സഭ്യമായി പെരുമാറാന്‍ അറിയാത്തയാള്‍ നിയമപാലകനായിരിക്കാന്‍ യോഗ്യനല്ല.
എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ജാതീയമായി അപമാനിക്കുകയും ചെയ്തിട്ടും ചെറുവിരല്‍ അനക്കാതിരുന്ന പൊലീസാണ് ഇവിടുത്തേത്. സിപിഐ മന്ത്രിമാര്‍ മൗനം അലങ്കാരമാക്കിയതു പോലെയാണ് ഞങ്ങളുമെന്നു കരുതരുത്. സമരമുഖത്ത് തല്ലിച്ചതച്ചാലും സൈബര്‍ ആക്രമണം നടത്തിയാലും തകരുന്നതല്ല ഞങ്ങളുടെ പോരാട്ടവീര്യം. ഭരണത്തിന്റെ തണലില്‍ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്‍ അഹങ്കാരവും കൈയ്യൂക്കും കാട്ടാമെന്നോ ഞങ്ങളുടെ സഹോദരിമാരെ അപമാനിക്കമെന്നോ കരുതേണ്ട. ഞങ്ങളുടെ പെണ്‍കുട്ടികളെ വാക്കുകള്‍ കൊണ്ടുപോലും അരക്ഷിതരാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കും. പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker