പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്‌ക്കെതിരെ കൂടുതല്‍ സാമ്പത്തിക ആരോപണങ്ങളുമായി ആക്രമണം കടുപ്പിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് എ.കെ.ബാലന്‍ രംഗത്ത്. വീണയും ബന്ധപ്പെട്ട കമ്പനിയും ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാല്‍, അവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയാനും, പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനും മാത്യു കുഴല്‍നാടന്‍ തയാറാകുമോയെന്ന് എ.കെ.ബാലന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും സ്ത്രീയായതുകൊണ്ടും എന്തും ചെയ്യാമെന്ന് പറഞ്ഞാല്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീണയ്ക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് അവര്‍ക്ക് നോട്ടിസ് നല്‍കുകയോ, വിളിപ്പിച്ച് അവരുടെ ഭാഗം കേള്‍ക്കുകയോ ചെയ്‌തോ എന്നു ചോദിച്ച ബാലന്‍, തര്‍ക്കമുള്ളവര്‍ കോടതിയില്‍ പോകാനും വെല്ലുവിളിച്ചു. ഇതുമായി ബന്ധപ്പെട്ട് കേസിനു പോയാലും അതു കോടതിയുടെ മുറ്റം കാണില്ലെന്നും ബാലന്‍ വ്യക്തമാക്കി.
”മാത്യു കുഴല്‍നാടനോട് എനിക്ക് അങ്ങോട്ടു ചോദിക്കാനുള്ളത്, അദ്ദേഹം ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നാണ്. അദ്ദേഹം പ്രധാനമായും ഉന്നയിച്ച ഒരു കാര്യം, മുഖ്യമന്ത്രിയുടെ മകള്‍ ഐജിഎസ്ടി കൊടുത്തില്ല എന്നതാണ്. ഐജിഎസ്ടി ഓരോ മാസവും കൊടുത്തതിന്റെ രേഖ ഈ പൊതുസമൂഹത്തിന്റെ മുന്‍പില്‍ കാണിച്ചാല്‍, മാത്യു കുഴല്‍നാടന്‍ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാണോ? ഓരോ ദിവസവും അവാസ്തവമായ കാര്യങ്ങള്‍ എന്തിനുവേണ്ടിയാണ് അദ്ദേഹം ഈ രൂപത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ പ്രചരിപ്പിക്കുന്നത്?’
”രണ്ടു കമ്പനികള്‍ തമ്മിലുള്ള കണ്‍സല്‍ട്ടന്‍സി കരാറുമായി ബന്ധപ്പെട്ട് ആവശ്യത്തിനുള്ള സേവനം ലഭിച്ചില്ലെങ്കില്‍, അതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന വ്യക്തിയെ ബന്ധപ്പെട്ട അതോറിറ്റിക്കു മുന്നില്‍ വിളിപ്പിക്കേണ്ടേ? അതു സ്വാഭാവിക നീതിയില്ലേ? ആദായനികുതി വകുപ്പിന്റെ താല്‍ക്കാലിക പ്രശ്‌ന പരിഹാര ബോര്‍ഡിന്റെ മുന്നില്‍ ഈ പ്രശ്‌നം വന്നുകഴിഞ്ഞാല്‍, വീണ കരാര്‍പ്രകാരമുള്ള സേവനം കൊടുത്തിട്ടില്ല എന്ന് ഏകപക്ഷീയമായി പറയാന്‍ അവരുടെ അഭിപ്രായം കേള്‍ക്കാതെ എങ്ങനെയാണ് കഴിയുക? കേരള മുഖ്യമന്ത്രിയുടെ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍, അവര്‍ക്കു പറയാനുള്ളത് കേള്‍ക്കാനുള്ള അവകാശം എന്തിനാണ് നിഷേധിച്ചത്? എവിടെനിന്നെങ്കിലും കിട്ടുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിളിച്ചുപറയുക, എന്നിട്ട് അതിനു മറുപടി പറയണമെന്ന് പറയുക.”
”ഐജിഎസ്ടി കൊടുത്തിട്ടില്ല എന്നു പറയാന്‍, മാത്യു കുഴല്‍നാടന് ഈ രേഖകള്‍ എവിടെനിന്നാണ് കിട്ടിയത്. ഐജിഎസ്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍, അതിന് ബന്ധപ്പെട്ട ഫോറം നോട്ടിസ് അയയ്ക്കും. ഇവിടെ ആദായനികുതി വകുപ്പ് മതിയായ നികുതി അടച്ചില്ലെന്ന് പറഞ്ഞ് നോട്ടിസ് അയച്ചോ? എന്ന് ജിഎസ്ടി പറഞ്ഞോ? ഇതൊന്നും പറയാതെ, വായില്‍ തോന്നിയത് വിളിച്ചുകൂവുകയാണ്.’
”ചില കൃത്രിമ അഭ്യാസികളുണ്ട്. യഥാര്‍ഥ അഭ്യാസം അറിയാത്തതിനാല്‍ ഒന്നു കിട്ടിയാല്‍ മണ്ണില്‍ വീഴും. എന്നിട്ട് ഇത് പൂഴിക്കടകനാണെന്നു പറയും. അഭ്യാസത്തിന്റെ ഏറ്റവും നല്ല തെളിവാണ് ചെളിയില്‍ വീണത് എന്നു പറഞ്ഞ്, കിടന്നിടത്ത് കിടന്നുരുളും. ഇവിടെ അതാണ് സംഭവിക്കുന്നത്. ഞാന്‍ വെല്ലുവിളിക്കാം, ഈ കേസുമായി ബന്ധപ്പെട്ട് കോടതിയുടെ മുറ്റം കാണാന്‍ പോലും കഴിയില്ല. എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ട് സേവനം നല്‍കിയ സ്ഥാപനമാണത്. ഒരു പരാതി വന്നപ്പോള്‍, ബന്ധപ്പെട്ട കക്ഷിയുടെ വാദം കേള്‍ക്കാതെ തീരുമാനം കൈക്കൊണ്ടത് നിയമത്തിനു മുന്നില്‍ നിലനില്‍ക്കില്ല. വീണയുടെ ഭര്‍ത്താവായിപ്പോയതു കൊണ്ട് മുഹമ്മദ് റിയാസിനെ അയോഗ്യനാക്കും എന്നൊക്കെ പറയുന്നുണ്ട്. ആ കേസും കോടതിയുടെ മുറ്റം കാണില്ല. ഇവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെ. എല്ലാ ദിവസവും ഓരോന്ന് കെട്ടിച്ചമയ്ക്കുകയാണോ? ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാല്‍, ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണം പിന്‍വലിക്കുന്നു എന്നെങ്കിലും പരസ്യമായി പറയാന്‍ മാത്യു കുഴല്‍നാടന്‍ തയാറാകുമോ?’
”മുന്‍കൂട്ടി നോട്ടിസ് നല്‍കാതെ, ബന്ധപ്പെട്ട കക്ഷിയില്‍നിന്ന് അവര്‍ക്കു പറയാനുള്ളത് കേള്‍ക്കാതെ ആദായനികുതി വകുപ്പിന്റെ ഒരു ഫോറം തീരുമാനം കൈക്കൊണ്ടു. വീണയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അവരുടെ ഭാഗം ഈ ഫോറം കേട്ടോ? വീണയ്ക്ക് സമന്‍സ് അയച്ചോ? വീണയോട് റിട്ടേണ്‍ സ്റ്റേറ്റ്‌മെന്റ് ചോദിച്ചിട്ടുണ്ടോ? ഏകപക്ഷീയമായി ഏതോ ഒരാള്‍ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ അങ്ങ് വിധി പ്രസ്താവിക്കുക. എന്നിട്ട് അതിന്റെ മുകളില്‍ ഇങ്ങനെ പറഞ്ഞുനടക്കുക. ഈ കേസില്‍ അവരാണ് കോടതിയില്‍ പോകേണ്ടത്. കോടതിയില്‍ പോയാല്‍ ഇത് നില്‍ക്കില്ല എന്നു ഞാന്‍ പറഞ്ഞത് അതുകൊണ്ടാണ്.’
”എന്തായാലും ആരോപണം ഉന്നയിച്ചവര്‍ അതു തെളിയിക്കട്ടെ. ഇതില്‍ ഞാന്‍ അവരെ വെല്ലുവിളിക്കുന്നു. ഐജിഎസ്ടി ഓരോ മാസവും 18 ശതമാനം അവര്‍ കൊടുത്തിട്ടുണ്ട്. ഇന്നലെ ഐജിഎസ്ടി അവര്‍ കൊടുത്തിട്ടില്ല, അതുകൊണ്ട് ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കൊടുത്ത സംഭാവനയാണ് എന്ന ഗുരുതരമായ ആരോപണമാണ് കുഴല്‍നാടന്‍ ഉയര്‍ത്തിയത്. ഐജിഎസ്ടി ഓരോ മാസവും വീണയും കമ്പനിയും കൊടുത്തിട്ടുണ്ട്. അതു തെളിയിച്ചു കഴിഞ്ഞാല്‍ കുഴല്‍നാടന്‍ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ? ചുരുങ്ങിയ പക്ഷം മാപ്പെങ്കിലും പറയുമോ? ന്യായമാണോ പറയുന്നത് എന്നു നോക്കിയാണ് പാര്‍ട്ടി നിലപാടെടുക്കുന്നത്. പറയുന്നത് സത്യസന്ധമാണെങ്കില്‍ അവരെ സംരക്ഷിക്കാനുള്ള ചുമതല ഒരു ഉത്തരവാദപ്പെട്ട പാര്‍ട്ടി എന്ന നിലയില്‍ ഞങ്ങള്‍ക്കുണ്ട്. അത് സിപിഎമ്മിന്റെ ഭാഗമായിട്ടുള്ള വ്യക്തി ആകണമെന്ന് നിര്‍ബന്ധമില്ല.’ ബാലന്‍ പറഞ്ഞു.