തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്കമാറ്റ ശസ്ത്രക്രിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ച സംഭവം കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കും. ഇതുസംബന്ധിച്ച് ഒരുകേസും ഒരു പരാതിയുമാണ് പൊലീസിലുള്ളത്.
മരിച്ച രോഗിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരായ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയില്‍ കേസെടുത്തിട്ടില്ല. ഇവ രണ്ടുമാണ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കുക. മെഡിക്കല്‍ കോളേജ് പൊലീസിന്റെ അന്വേഷണ ഫയലുകള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഹരികുമാറിന് കൈമാറും. പോസ്റ്റുമോര്‍ട്ടം അന്തിമ റിപ്പോര്‍ട്ട് ഇനിയും വൈകും. രണ്ട് ഡോക്ടരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കെജിഎംസിടിഎ.
എറണാകുളം രാജഗിരി ആശുപത്രിയില്‍ മസ്തിഷ്ക്കമരണം സംഭവിച്ച ആളുടെ വൃക്കയുമായി ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളോജ് ആശുപത്രിയില്‍ എത്തിയത് ഞായറാഴ്ച വൈകീട്ട് 5.33 നാണ്. ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളോജ് ആശുപത്രിയില്‍ നിന്നുള്ള ഡോക്റുമുണ്ടായിരുന്നു. ഗ്രീന്‍ ചാനല്‍ വഴി മൂന്ന് മണിക്കൂര്‍ കൊണ്ടാണ് അവയവമെത്തിച്ചത്.
പക്ഷേ മെഡിക്കല്‍ കോളേജാശുപത്രിയില്‍ അവയവമെത്തിച്ച സമയത്ത് വേണ്ടത്ര മുന്നൊരുക്കങ്ങളുണ്ടായില്ലെന്നാണ് പരാതി. അവയവം എങ്ങോട്ട് മാറ്റണമെന്നതിലടക്കം ആശയക്കുഴപ്പമുണ്ടായി. ഓപ്പറേഷന് തിയേറ്റര്‍ തുറക്കാന്‍ ഇരുപത് മിനുട്ടോളം വൈകി. കാരക്കോണം സ്വദേശി സുരേഷ് കുമാറില്‍ വൃക്ക വെച്ച് പിടിപ്പിക്കുന്നത് എട്ടുമണിയോടെ മാത്രമെന്നാണ് പരാതി. തുടര്‍ന്നു പന്ത്രണ്ട് മണിയോടെയാണ് സുരേഷ് മരിക്കുന്നത്.
അതേ സമയം ശസ്ത്രിക്രിയക്ക് കാലതാമസം ഉണ്ടായെന്ന പരാതി ആശുപത്രി അധികൃതര്‍ തള്ളി. അവയവമെത്തിക്കഴിഞ്ഞ ശേഷവും രോഗിയുടെ നില ഗുരുതരമായിരുന്നു. ഏഴ് മണിക്ക് ഡയാലിസിസ് പൂര്‍ത്തിയാക്കിയശേഷമാണ് ശസ്ത്രക്രിയ തുടങ്ങിയെന്നാണ് വിശദീകരണം. രോഗിയുടെ ഗുരുതരസ്ഥിതി ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചിരുന്നു.
സംഭവം വിവാദമായതോടെയ ആരോഗ്യമന്ത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ വിളിച്ചുവരുത്തി. അന്വേഷണത്തിന് ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സുരേഷ് കുമാറിന്റെ സ്ഥിതി ഗുരുതരമായിരുന്നെങ്കിലും അവയവമെത്തിയിട്ടും ആശുപത്രിയിലുണ്ടായ ആശയക്കുഴപ്പം അധികൃതര്‍ക്ക് ഇതുവരെ വിശദീകരിക്കാനായിട്ടില്ല