ഭക്ഷണം ഒരു സംസ്‌കാരമാണ്. ഒരോ പ്രദേശത്തും നൂറ്റാണ്ടുകളായി ജീവിച്ച് വരുന്ന ജനങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് തങ്ങളുടെതായ പ്രത്യേകതകളോടെ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചിയും ഗുണവും അതാത് സംസ്‌കാരവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. എന്നാല്‍ അതിന് മതത്തിന്റെ പരിവേഷം നല്‍കുന്നത്, മറ്റ് ജീവി വര്‍ഗങ്ങളില്‍ നിന്നും ഉയര്‍ന്ന ജീവിത മൂല്യം സൂക്ഷിക്കുന്നുവെന്ന് ധരിച്ചിരിക്കുന്ന മനുഷ്യന് ചേര്‍ന്നതല്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നത്. ഇന്ത്യന്‍ എയര്‍ലൈനായ വിസ്താര എയര്‍ലൈന്റെ നടപടിയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നത്.
പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ആരതി ടിക്കൂ സിംഗ് തന്റെ എക്‌സ് ഹാന്റിലിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്കുള്ള വിസ്താരയുടെ ടിക്കറ്റ് പങ്കുവച്ച് കൊണ്ട് ആരതി ഇങ്ങനെ എഴുതി, ‘എന്തുകൊണ്ടാണ് വെജിറ്റേറിയന്‍ ഭക്ഷണത്തെ ‘ഹിന്ദു ഭക്ഷണം’ എന്നും ചിക്കന്‍ ഭക്ഷണത്തെ ‘മുസ്ലീം ഭക്ഷണം’ എന്നും വിളിക്കുന്നത്? ഹിന്ദുക്കളെല്ലാം സസ്യാഹാരികളാണെന്നും മുസ്ലീങ്ങളെല്ലാം മാംസാഹാരികളാണെന്നും ആരാണ് നിങ്ങളോട് പറഞ്ഞത്? എന്തുകൊണ്ടാണ് നിങ്ങള്‍ ഭക്ഷണ തെരഞ്ഞെടുപ്പുകള്‍ ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്? ആരാണ് നിനക്ക് ഇത് ചെയ്യാന് അധികാരം തന്നത്? നിങ്ങള്‍ ഇപ്പോള്‍ പച്ചക്കറി, ചിക്കന്‍, വിമാനത്തിലെ യാത്രക്കാരെയും വര്‍ഗീയവത്കരിക്കാന്‍ പോവുകയാണോ? ഈ ദയനീയമായ പെരുമാറ്റത്തില്‍ ഞാന്‍ ഞെട്ടിപ്പോയി, നിങ്ങളുടെ ഓര്‍ഡര്‍ ലംഘിക്കാന്‍ ഞാന്‍ രണ്ട് ഭക്ഷണവും ബുക്ക് ചെയ്തു. ‘ ഒപ്പം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് ടാഗ് ചെയ്ത് കൊണ്ട് ഇത് അന്വേഷിക്കണമെന്നും ആരതി കുറിച്ചു. ആരതിയുടെ കുറിപ്പ് ഇതിനകം പന്ത്രണ്ട് ലക്ഷം പേരാണ് കണ്ടത്.
അതേസമയം നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ എയര്‍ലൈനുകള്‍ ഭക്ഷണ കോഡുകള്‍ക്കായി ഇത്തരം ചില കോഡുകള്‍ സ്വീകരിക്കുന്നത് സാധാരണമാണെന്നായിരുന്നു കുറിച്ചത്. ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചിലര്‍ പങ്കുവച്ചു. എയര്‍ലൈനുകള്‍, കാറ്ററിംഗ് വിതരണക്കാര്‍, ഗ്രൗണ്ട് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് യാത്രക്കാരുടെ ഭക്ഷണ ആവശ്യകതകള്‍ യഥാവിധി കൈകാര്യം ചെയ്യുന്നതിനും കാര്യക്ഷമമായി ആശയവിനിമയം നടത്തുന്നതിനുമായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (IATA) സ്റ്റാന്‍ഡേര്‍ഡ് മീല്‍ കോഡുകള്‍ നല്‍കുന്നുണ്ടെന്നും ചിലര്‍ എഴുതി. ഒരു ഹിന്ദു ഭക്ഷണം (HNML) ഒരു ‘വെജ് ഭക്ഷണമല്ല’ എന്ന് ഒരു ഉപയോക്താവ് വിശദീകരിച്ചു, കാരണം അത് ‘ഹലാല്‍ അല്ലാത്ത’ ഒരു നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കാം. ഈ പദങ്ങള്‍ സാധാരണയായി വ്യോമയാന ഭാഷയില്‍ ഉപയോഗിക്കപ്പെടുന്നു. അതുപോലെ, മുസ്ലീം ഭക്ഷണം (MOML) ഒരു ഹലാല്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ്. വെജിറ്റേറിയന്‍ ഭക്ഷണം പൂര്‍ണ്ണമായും സസ്യാഹാരമാണ്. അതേസമയം ‘ഹലാല്‍’ എന്ന വാക്ക് ഇസ്ലാമിക ഭക്ഷണ നിയമങ്ങള്‍ പിന്തുടരുന്ന ഭക്ഷണത്തെ സൂചിപ്പിക്കുന്നു കൂടാതെ ‘നിയമപരം’ എന്നാണ് ഈ വാക്കര്‍ത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നിരവധി ഭക്ഷണ കോഡുകള്‍ ലോകത്തെ ഏതാണ്ടെല്ലാ വ്യോമയാന സംവിധാനങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അതേസമയം ഇത്തരം കാലഹരണപ്പെട്ടതും അമ്പരപ്പിക്കുന്നതുമായ ഭക്ഷണ കോഡുകള്‍ പുതുക്കാന്‍ ഐഎടിഎയോ അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ട മറ്റാരെങ്കിലുമോ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.