BREAKINGKERALA

വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യത,കന്യാകുമാരി മുതല്‍ കാസര്‍ഗോഡുവരെ തീരദേശങ്ങളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കേന്ദ്രം അറിയിച്ചു.
കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയും കൊല്ലം ആലപ്പാട് മുതല്‍ ഇടവ വരെയും ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയും എറണാകുളം മുനമ്പം മുതല്‍ മറുവക്കാട് വരെയും തൃശൂര്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയും മലപ്പുറം കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെയും കോഴിക്കോട് ചോമ്പാല മുതല്‍ രാമനാട്ടുകര വരെയും കണ്ണൂര്‍ വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കാസറഗോഡ് കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയുമുളള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ബുധനാഴ് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസം നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നിര്‍ദേശിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന ബോട്ടുകള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. അതുകൊണ്ട് തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ ബോട്ടുകള്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
കേരള -ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും, 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ബുധനും വ്യാഴവും (ഒക്ടോബര്‍ 16, 17) ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് നിര്‍ദേശിക്കുന്നു.
ഇതേ ദിവസങ്ങളില്‍ കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, ശ്രീലങ്കന്‍ തീരം, തമിഴ്‌നാട് തീരം, ആന്ധ്രപ്രദേശ് തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, വടക്കന്‍ ശ്രീലങ്കന്‍ തീരം, വടക്കന്‍ തമിഴ്‌നാട് തീരം അതിനോട് ചേര്‍ന്ന തെക്കന്‍ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു.
ഒക്ടോബര്‍ 17- ന് വടക്കന്‍ തമിഴ്‌നാട് തീരം അതിനോട് ചേര്‍ന്ന തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഒക്ടോബര്‍ 18 മുതല്‍ 20 വരെ ഗള്‍ഫ് ഓഫ് മാന്നാറില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഈ സൗഹചര്യത്തില്‍ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.
സമുദ്രത്തില്‍ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നതാണ് കള്ളക്കടല്‍ പ്രതിഭാസം. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയര്‍ന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകള്‍ അടിച്ചുകയറി തീരത്തെ കവര്‍ന്നെടുക്കുന്നതിനാലാണ് തീരദേശവാസികള്‍ ഈ പ്രതിഭാസത്തെ കള്ളക്കടല്‍ എന്നുവിളിക്കുന്നത്.

Related Articles

Back to top button