BREAKING NEWSKERALALATEST

വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഇറക്കിയ സംഭവം: ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കോട്ടയം: പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടിലൂടെ അപകടകരമായ രീതിയില്‍ ഓടിച്ച സംഭവത്തില്‍ ഡ്രൈവര്‍ എസ് ജയദീപിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വെള്ളക്കെട്ടിലൂടെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ ബസ് ഓടിച്ചതിന്റെ പേരില്‍ ജയദീപിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് എസ് ജയദീപ്.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരം കെഎസ്ആര്‍ടിസി എംഡി ആണ് ജയദീപനെ സസ്‌പെന്റ് ചെയ്തിരുന്നത്. ഒരാള്‍ പൊക്കത്തിലുള്ള വെള്ളക്കെട്ടില്‍ മുക്കാല്‍ ഭാഗവും മുങ്ങിയ ബസ്സില്‍ നിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് വലിച്ച് കരക്ക് കയറ്റി. അശാസ്ത്രീയമായ തടയണയാണ് ഇവിടെ വെള്ളം കയറാന്‍ കാരണം.
ഈരാറ്റുപേട്ടപൂഞ്ഞാര്‍ റൂട്ടില്‍ പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലാണ് ജയദീപ് ഓടിച്ച കെ എസ് ആര്‍ ടി സി ബസ് കഴിഞ്ഞ ദിവസം അകപ്പെട്ടത്. അധികം വെള്ളം ഇല്ലാതിരുന്ന റോഡിലൂടെ കടന്ന് പോകാമെന്ന പ്രതീക്ഷയില്‍ ഡ്രൈവര്‍ ജയ്ദീപ് ബസ് മുന്നോട്ട് എടുത്തു. ചെറിയ വണ്ടികള്‍ക്ക് പോകാനായി ബസ് ഇടയ്ക്ക് നിര്‍ത്തിക്കൊടുത്തു. ഇതിനിടെ മീനച്ചിലാറ്റില്‍ നിന്നും ഇരച്ചെത്തിയ വെള്ളത്തില്‍ ബസ് നിന്നുപോയി. പിന്നീട് ബസ് സ്റ്റാര്‍ട്ട് ആയില്ല.
നാട്ടുകാരാണ് ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റി. മീനച്ചിലാറ്റിലെ തടയണ ഉയര്‍ത്തി നിര്‍മിച്ചതോടുകൂടിയാണ് ഈ റോഡില്‍ വെള്ളം കയറാന്‍ തുടങ്ങിയത്. വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും
വരുത്തിയെന്ന പേരിലായിരുന്നു ഡ്രൈവര്‍ ഡ്രൈവര്‍ ജദീപിനെ സസ്‌പെന്‍ഡ് ചെയ്തത്.
സസ്‌പെന്‍ഷനിലായ ശേഷം ജയദീപ് കെഎസ്ആര്‍ടിസി അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബസ് മുങ്ങിയ പത്ര വാര്‍ത്തയോടപ്പമാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. സസ്‌പെന്‍ഷന്‍ ലഭിച്ചത് തബലകൊട്ടി ആഘോഷിച്ചതും ജയദീപ് പങ്കുവച്ചിരുന്നു. ആളുകളെ ജീവന്‍ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചത്. തന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലെന്നും സംഭവ സമയത്തെ വീഡിയോ പങ്കുവെച്ച് ജയദീപ് കുറിച്ചിരുന്നു.
അവധി ചോദിച്ച് ലഭിക്കാതിരുന്ന തനിക്ക് ഈ സസ്‌പെന്‍ഷന്‍ വലിയ അനുഗ്രമായെന്നാണ് ജയദീപ് കുറിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെയുള്ള ജയദീപിന്റെ ഒരു പ്രതികരണം ഇങ്ങനെയായിരുന്നു. ‘എന്നെ സസ്‌പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസിയിലെ കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ…’
തനിക്ക് ചാടി നീന്തി പോകാന്‍ അറിയാഞ്ഞിട്ടല്ലെന്നും എല്ലാവരേയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജയദീപ് പറയുന്നു. മുന്നോട്ട് പോകുമ്പോള്‍ യാത്രക്കാര്‍ തന്നെ ചീത്തവിളിക്കുന്നില്ലെന്നും സംഭവ സമയത്തെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് ജയദീപ് പറയുന്നു.
ഏത് തൊഴിലും അറിയാവുന്നവനാണ് താനെന്നും പറഞ്ഞ് അദ്ദേഹം അച്ഛന്റെ മുടിവെട്ടി കൊടുക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐഎന്‍ടിയുസി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റാണ് ജയദീപ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker