BREAKINGINTERNATIONAL

വെള്ളത്തേക്കാള്‍ കോള കുടിക്കുന്നവര്‍; മെക്‌സിക്കന്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം കുടിക്കുന്നത് 800 ലിറ്ററിലധികം കോള

ശുദ്ധ ജലം ആരോഗ്യമുള്ള ഒരു ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ധാരാളം വെള്ളം കുടിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കാനോ ഒരു പരിധിവരെ തടയാനോ സഹായിക്കുന്നു. എന്നാല്‍ ഒരു പ്രദേശത്തുള്ളവര്‍ വെള്ളത്തെക്കാള്‍ കൂടുതല്‍ കൊക്കകോള കുടിക്കുന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ അതൊരു സത്യമാണ്. മെക്‌സിക്കോയിലെ ചിയാപാസ് എന്ന സംസ്ഥാനത്തെ ജനങ്ങളാണ് വെള്ളം പോലെ അല്ല വെള്ളത്തെക്കാള്‍ കൂടുതല്‍ കൊക്കകോള കുടിക്കുന്നത്. അതിന് കാരണമാകട്ടെ ഇവിടെ കുപ്പിവെള്ളത്തിന്റെ വിലയും കോളയുടെ വിലയും ഏതാണ്ട് തുല്യമാണെന്നാണ്.
കോളയുടെ മാധുര്യം കാരണം ജലാംശം നിലനിര്‍ത്താന്‍ ആളുകള്‍ വെള്ളത്തിന് പകരം കോള തെരഞ്ഞെടുക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെക്‌സിക്കോയിലെ സാന്‍ ക്രിസ്റ്റോബല്‍ ഡി ലാസ് കാസസില്‍ രാജ്യത്തെ ഏറ്റവും മഴയുള്ള പ്രദേശങ്ങളിലൊന്നാണ്. എങ്കിലും പ്രദേശത്ത് രണ്ട് ദിവസത്തിലൊരിക്കല്‍ മാത്രമേ പൈപ്പ് വെള്ളം ലഭ്യമാകൂ. ഇങ്ങനെ ലഭിക്കുന്ന വെള്ളത്തില്‍ ബീച്ചിംഗ് പൌണ്ടറിന്റെ അംശം ഏറെയാണ്. അതിനാല്‍ അത് കുടിക്കാന്‍ കഴിയില്ല. അതേസമയം തെക്കുകിഴക്കന്‍ സംസ്ഥാനമായ ചിയാപാസിലെ മനോഹരമായ പര്‍വത നഗരമായ സാന്‍ ക്രിസ്റ്റോബല്‍ ഡി ലാസ് കാസസില്‍ കുടിവെള്ളത്തിന് വലിയ തോതില്‍ ക്ഷാമം നേരിടുകയാണ്.
സമീപ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ആഴ്ചയില്‍ വളരെ കുറച്ച് പ്രാവശ്യം മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഇതിനാല്‍ പ്രദേശത്തുകാര്‍ പലപ്പോഴും കൂടിയ വിലയ്ക്ക് ടാങ്കര്‍ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ശുദ്ധജലം ലഭിക്കുന്നതിലെ ഇത്തരം പ്രതിസന്ധികള്‍ ജനങ്ങളെ കുടിവെള്ളത്തിനായി കോളയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. ഇതിന്പുറമേ പ്രാദേശിക കൊക്കകോള ബോട്ടിലിംഗ് പ്ലാന്റ് ഉള്ളതിനാല്‍ കൊള സുലഭമായി ലഭിക്കുന്നു. ശുദ്ധജലത്തിന്റെയും ശീതളപാനീയത്തിന്റെയും വിലയിലെ അന്തരമില്ലായ്മയും ആളുകളെ ശീതളപാനീയം കുടിക്കാന്‍ പ്രേരിപ്പിക്കുന്നു. കൊളയുടെ അമിത ഉപയോഗം കാരണം പ്രദേശത്തെ ആളുകളില്‍ അമിതവണ്ണവും പ്രമേഹവും കിഡ്‌നി സംബന്ധമായ അസുഖങ്ങളും കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓരോ വര്‍ഷവും ശരാശരി 821 ലിറ്റര്‍ കൊക്കകോള ഓരോ വ്യക്തിയും കുടിക്കുന്നതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, ഇവിടെയുള്ള ആളുകള്‍ കൊക്കകോളയ്ക്ക് അടിമകളാണ്. ഒരാള്‍ പ്രതിദിനം 2 മുതല്‍ 2.5 ലിറ്റര്‍ വരെ ഉപയോഗിക്കുന്നു. മുതിര്‍ന്നവര്‍ മാത്രമല്ല, 1-2 വയസ്സ് പ്രായമുള്ള കുട്ടികളും ദിവസവും കൊക്കകോള കുടിക്കുമെന്ന് ഡോക്ടരും പറയുന്നു. അമിതമായ ശീതളപാനീയ ഉപഭോഗം മൂലം പ്രമേഹം, വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ പ്രതിവര്‍ഷം 3,000 പേര്‍ മരിക്കുന്നുണ്ടെന്നും ഡോക്ടര്‍ മാര്‍ക്കോസ് പറയുന്നു. കൂടാതെ, ഇത് ദന്തക്ഷയം ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഇതിനാല്‍ തന്നെ പ്രദേശത്തെ പൊതുജനാരോഗ്യം അപകടകരമായ രീതിയിലേക്കാണ് പോകുന്നത്.

Related Articles

Back to top button