അമിതമായി മദ്യപിച്ചാല്‍ ആളുകള്‍ അബോധാവസ്ഥയില്‍ ആകുന്നത് സ്വാഭാവികമാണ്. യാത്രകള്‍ക്കിടയില്‍ അമിതമായി മദ്യപിച്ച് വഴിതെറ്റി പോകുന്നതും വാഹനങ്ങള്‍ മാറി കയറുന്നതും ഒക്കെ അമിത മദ്യപാനികള്‍ക്ക് പറ്റുന്ന സ്ഥിരം അബദ്ധങ്ങളാണ്. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ടായിരിക്കാം മദ്യപിച്ച് ലക്ക് കെട്ട് ഒരാള്‍ വിമാനം മാറി കയറുന്നത്. ജോര്‍ജിയയിലേക്ക് പോകാനായി ഒരുങ്ങിയ ഒരു യുവതിക്കാണ് ഇത്തരത്തില്‍ വലിയൊരു അബദ്ധം പറ്റിയത്. അമിതമായി മദ്യപിച്ച് കിളി പോയ ഇവര്‍ ജോര്‍ജിയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതിന് പകരം ടിക്കറ്റ് ബുക്ക് ചെയ്തത് എങ്ങോട്ടാണെന്ന് അറിയേണ്ടേ? ഇന്ത്യയിലേക്ക്. ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമല്ല ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കയറിയിരുന്നതിന് ശേഷമാണ് തനിക്ക് അബദ്ധം പറ്റിയതായി ഇവര്‍ തിരിച്ചറിഞ്ഞത് പോലും.
വിമാനത്തില്‍ ഹിന്ദിയിലുള്ള അനൌണ്‍സ്‌മെന്റ് കേട്ട് ഇതേത് ഭാഷ എന്ന രീതിയിലുള്ള യുവതിയുടെ ഭാവ പ്രകടനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തനിക്ക് പറ്റിയ അബദ്ധത്തിന്റെ വീഡിയോ യുവതി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘ഞാനിനി എന്ത് ചെയ്യും’ എന്ന അടിക്കുറിപ്പ് നല്‍കിക്കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ വിമാനത്തിനുള്ളിലെ ഹിന്ദിയിലുള്ള അനൗണ്‍സ്‌മെന്റ് കേട്ട് അമ്പരന്നിരിക്കുന്ന ദൃശ്യങ്ങള്‍ കാണാം. സമീപത്തായി അതേ അമ്പരപ്പോടെ തന്നെ ഇരിക്കുന്ന മറ്റൊരു യുവതിയേയും കാണാം. വീഡിയോയ്ക്ക് ഒപ്പം മദ്യപിച്ച് ജോര്‍ജിയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തെന്നും, എന്നാല്‍, ഇപ്പോഴാണ് മനസ്സിലായത് കയറിയിരിക്കുന്നത് ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ ആണെന്ന് എന്ന കുറിപ്പും ഇവര്‍ തന്നെ ചേര്‍ത്തിട്ടുണ്ട്.
സ്റ്റെല്ലാനമിനീ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും സമ്മിശ്ര പ്രതികരണമാണ് ഇതുമായി ബന്ധപ്പെട്ടുണ്ടായത്. ആളുകളെ പറ്റിക്കാനായി തമാശയ്ക്ക് ചെയ്ത ഒരു വീഡിയോ ആകാനാണ് സാധ്യത എന്നായിരുന്നു ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെട്ടത്. മദ്യപിച്ച് വിമാനത്തിനുള്ളില്‍ കയറാന്‍ അനുവദിക്കുമോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചു. എന്നാല്‍ ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതില്‍ ഒട്ടും നിരാശപ്പെടേണ്ടതില്ലെന്നും മനോഹരമായ ഒരുപാട് കാഴ്ചകള്‍ കാത്തിരിപ്പുണ്ടന്നുമായിരുന്നു മറ്റൊരാള്‍ കുറിച്ചത്.
77 1 minute read