BREAKINGINTERNATIONAL

വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ വ്യോമാക്രമണം, 9 പേര്‍ കൊല്ലപ്പെട്ടു; ഗാസയില്‍ ഇതുവരെ 40476 പേര്‍ കൊല്ലപ്പെട്ടെന്ന് കണക്ക്

ഗാസ: വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ഏറ്റവുമൊടുവില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വെസ്റ്റ്ബാങ്കില്‍ 9 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒരേ സമയം നാല് നഗരങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലകളില്‍ ഇസ്രയേല്‍ കൂട്ടക്കുരുതി നടത്തുകയാണെന്ന് പലസ്തീന്‍ ഭരണകൂടം ആരോപിച്ചു. എന്നാല്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷനാണെന്നാണ് തങ്ങള്‍ നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. യുഎന്‍ പുറത്ത് വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ 128 പാലസ്തീന്‍ സ്വദേശികളാണ് വെസ്റ്റ് ബാങ്കില്‍ ഒക്ടോബര്‍ 7 ശേഷം കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ 26 കുട്ടികളും ഉള്‍പ്പെടുമെന്നാണ് യു എന്‍ വിശദമാക്കുന്നത്.
അതേസമയം 2023 ഒക്ടോബര്‍ 7 ന് തുടങ്ങിയ ഇസ്രയേല്‍ ആക്രമണം പത്ത് മാസം പിന്നിടുമ്പോള്‍ ഗാസയില്‍ 40,476 പലസ്തീനികളുടെ ജീവന്‍ നഷ്ടമായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഭൂരിഭാഗവും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആക്രമണത്തില്‍ ഇതുവരെ 93,647 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ജനസംഖ്യയുടെ 1.7% പേര്‍ ഒക്ടോബര്‍ 7 ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്.
അതേസമയം ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കാന്‍ അമേരിക്ക നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത ആഴ്ച ഖത്തറില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചന. ഇറാനും ഹൂതികളും ഹിസ്ബുല്ലയും ഇസ്രായേലിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മേഖലാ യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. ഇതോടെയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കുള്ള നീക്കം വീണ്ടും സജീവമായത്. ഗസ യുദ്ധത്തിന് അറുതിവരുത്താനുള്ള നീക്കമാണ് തുടരുന്നതെന്നാണ് അമേരിക്ക പറയുന്നത്.

Related Articles

Back to top button