വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാംപിന് നേരെ നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍. തുള്‍ക്കാരാം നഗരത്തിന് സമീപത്തുള്ള നുര്‍ ഷാംപ് ക്യാപിന് നേരെ വ്യോമാക്രമണം നടന്നതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരവാദികളുടെ നിര്‍ണായക ഇടത്തിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ വെസ്റ്റ് ബാങ്കിന് നേരെയും ഇസ്രയേല്‍ ആക്രമണം രൂക്ഷണമാണ്.
യുഎന്‍ പുറത്ത് വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ 128 പാലസ്തീന്‍ സ്വദേശികളാണ് വെസ്റ്റ് ബാങ്കില്‍ ഒക്ടോബര്‍ 7 ശേഷം കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ 26 കുട്ടികളും ഉള്‍പ്പെടുമെന്നാണ് യുഎന്‍ വിശദമാക്കുന്നത്. ഇത് ആദ്യമായല്ല നുര്‍ ഷാംപിലെ ക്യാപുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടക്കുന്നത്. പാലസ്തീന്‍ റെഡ് ക്രെസന്റ് വിശദമാക്കുന്നത് അനുസരിച്ച് ഏപ്രില്‍ മാസത്തില്‍ ഇസ്രയേലിന്റെ രണ്ട് ദിവസം നീണ്ട ആക്രമണത്തില്‍ 14 പേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ജൂലൈ മാസത്തില്‍ ഇസ്രയേല്‍ സൈന്യം ക്യാപിലേക്കുള്ള പ്രധാന പാത തകര്‍ത്തിരുന്നു.
അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഇസ്രയേല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഗാസയിലെ സമൂദ്രതീരവും അഭയകേന്ദ്രമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഖാന്‍ യൂനിസിലെ ബീച്ചില്‍ താല്‍കാലിക ടെന്റുകളില്‍ നിരവധി പേരാണ് അഭയം തേടിയിരിക്കുന്നത്. നേരത്തെ ഗാസ അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. പുതിയ വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡന്‍ വിശദമാക്കിയത്.
ഗാസയില്‍ ഇതുവരെ 40005 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്. ജനസംഖ്യയുടെ 1.7% പേര്‍ ഒക്ടോബര്‍ 7ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്. മരിച്ചവരില്‍ ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണെന്നാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്.
59 1 minute read