ചെന്നൈ: രാഷ്ട്രീയത്തിലേക്കിറങ്ങണമെന്ന സമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിൽ അഭ്യർഥനയുമായി രജിനികാന്ത്. തത്ക്കാലം രാഷ്ട്രീയത്തേലിക്കില്ലെന്ന താരത്തിന്റെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആരാധകരുടെയും അനുകൂലികളുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജിനികാന്തിന്റെ പ്രതികരണം.
പ്രതിഷേധം സമാധാനപരമായി നടത്തിയതിൽ അഭിനന്ദനം അറിയിച്ചു കൊണ്ടാണ് രജിനികാന്തിന്റെ പ്രസ്താവന. ‘നേതൃത്വത്തിന്റെ അഭ്യർഥന മാനിച്ച് പ്രതിഷേധത്തിൽ നിന്നും വിട്ടുനിന്നവർക്ക് ഹൃദയപൂർവം നന്ദി അറിയിക്കുന്നു. രാഷ്ട്രീയത്തിലേക്കിറങ്ങുന്നില്ല എന്ന എന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ നേരത്തെ തന്നെ വിശദീകരിച്ചതാണ്. എന്റെ തീരുമാനം ഞാൻ പ്രഖ്യാപിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത്തരം പരിപാടികൾ നടത്തരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ സമ്മർദ്ദം ചെലുത്തി എന്നെ വേദനിപ്പിക്കരുത്’ രജിനികാന്ത് പ്രസ്താവനയിൽ പറയുന്നു. നേതൃത്വത്തിന്റെ ഉത്തരവ് മാനിക്കാതെ തന്റെ അനുകൂലികളിൽ പലരും പ്രതിഷേധത്തിൽ പങ്കെടുത്തത് വേദനിപ്പിച്ചെന്നും താരം പരാമർശിച്ചിട്ടുണ്ട്.