അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നതാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പിരിയുകയാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. പരസ്പര സമ്മതത്തോടെ എഴുതിയ ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഇരുവരും തങ്ങള്‍ വേര്‍പിരിയുകയാണെന്ന വിവരം പരസ്യപ്പെടുത്തിയത്. നാലുവര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്നും മകന്‍ അഗസ്ത്യനെ രണ്ടുപേരും ചേര്‍ന്ന് നോക്കുമെന്നും ഇത് പരസ്പര സമ്മതത്തോടെ എടുത്ത തീരുമാനമാണെന്നും ഇവര്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വേര്‍പിരിയല്‍ രണ്ടുപേര്‍ക്കും നല്ലതാണെന്ന മനസിലാക്കലിനെ തുടര്‍ന്നാണ് ഒരുമിച്ച് തീരുമാനമെടുത്തതെന്ന് ഹര്‍ദികും നടാഷയും പറയുന്നു. ഇത് പ്രയാസമേറിയ തീരുമാനം തന്നെയാണ്. കാരണം പരസ്പരം സന്തോഷവും പരസ്പര ബഹുമാനവും സൗഹൃദവും ഒന്നിച്ച് ആസ്വദിച്ച് ഒരു കുടുംബമായി വളര്‍ന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായ അഗസ്ത്യനെക്കൊണ്ട് ഞങ്ങള്‍ അനുഗ്രഹീതരാണ്. അവന്റെ സന്തോഷത്തിനായി ഞങ്ങളാല്‍ കഴിയുന്നതെന്തും ചെയ്യുമെന്നും ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മാനിക്കുകയും മനസിലാക്കുകയും ചെയ്ത് പിന്തുണയ്ക്കണമെന്നും ഇരുവരും കുറിപ്പില്‍ പറയുന്നു.
നടാഷ തന്റെ ഇന്‍സ്റ്റഗ്രാം പേരില്‍ നിന്ന് പാണ്ഡ്യ എന്ന സര്‍നെയിം ഒഴിവാക്കിയത് ഉള്‍പ്പെടെ ഇരുവരും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായിരുന്നു. ഹര്‍ദിക്കുമൊപ്പമുള്ള ചിത്രങ്ങളും ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഈ തീരുമാനത്തില്‍ ഹര്‍ദിക്കിനേയും നടാഷയേയും ആശ്വസിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളും കമന്റുകളും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.