ഇടുക്കി: സിപിഎം വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നതിനെ കുറിച്ച് തല്ക്കാലം ആലോചിക്കുന്നില്ലെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉള്‍പ്പെടെയുള്ള മുന്‍ മന്ത്രി എം.എം മണിയുടെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയോട് പറയേണ്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെ അനുസരിച്ച് നില്‍ക്കണമെന്നത് അവരുടെ അഭിപ്രായമാണ്. കൂടുതല്‍ പ്രതികരണങ്ങള്‍ പിന്നീട് നടത്താമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.എം മറയൂര്‍ ഏരിയ സമ്മേളനത്തില്‍ എംഎം മണി രാജേന്ദ്രനെതിരെ ഉന്നയിച്ചത് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ്. അത് പറയേണ്ടിയിരുന്നത് സമ്മേളനവേദിയിലായിരുന്നോ അതോ പാര്‍ട്ടി ഘടകത്തിലായിരുന്നോ എന്ന് എം.എം മണി പരിശോധിക്കട്ടേയെന്നും രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് നല്കിയ കത്തില്‍ വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനാലാണ് പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാത്തതിന് സംഘടനാപരമായി നടപടിയുണ്ടാകുമെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും കഴിഞ്ഞ ദിവസം മണി പറഞ്ഞിരുന്നു. പാര്‍ട്ടി അനുമതിയില്ലാതെ മാധ്യമങ്ങളിലൂടെ പ്രതികരണങ്ങള്‍ നടത്തിയതിനെതിരേയും വിമര്‍ശനം ഉന്നയിച്ചിരുന്നു. മൂന്ന് തവണ എംഎല്‍എ സ്ഥാനം ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികള്‍ പാര്‍ട്ടിയാണ് രാജേന്ദ്രന് നല്‍കിയത്. എന്നിട്ടും സീറ്റ് ലഭിച്ചില്ലെന്ന് പറഞ്ഞ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് രാജേന്ദ്രന് നേരിടുന്ന ആരോപണം. ആരോപണമുയര്‍ന്നതിനാലാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്. എ. രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന് ശ്രമിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.