ENTERTAINMENTMALAYALAM

വേലായുധന് വേണ്ടി ഉള്ളില്‍ തീയുമായി പ്രാര്‍ത്ഥനയോടെ ഇരുന്ന ‘വെളുത്ത’യെ പരിചയപ്പെടുത്തി വിനയന്‍

സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ . കഴിഞ്ഞ ഏതാനും നാളുകളായി ഈ ബിഗ് ബജറ്റ് ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റുകള്‍ വിനയന്‍ പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ തുടര്‍ച്ചയായി പതിനഞ്ചാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍.
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഭാര്യ വെളുത്തയുടെയും മകന്‍ കുഞ്ഞിന്റെയും ചിത്രങ്ങളാണ് ഈ പോസ്റ്ററില്‍ ഉള്ളത്. പുതുമുഖം നിയയും മാസ്റ്റര്‍ ആദില്‍ രാജുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം അതുപോലെ പകര്‍ത്തുന്ന ഒരു ഡോക്കുമെന്ററി അല്ല ഈ സിനിമ. മറിച്ച് തിരുവിതാംകൂറിന്റെ ചരിത്രം എഴുതിയപ്പോള്‍ എല്ലാം എന്തുകൊണ്ടോ തഴയപ്പെടുകയും തമസ്‌കരിക്കുകയും ചെയ്ത സാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയാണ് ഈ സിനിമ ചെയ്യുന്നതെന്നും വിനന്‍ പറഞ്ഞു.

വിനയന്റെ വാക്കുകള്‍
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പതിനഞ്ചാമത്തെ character poster ആണ് ഇന്നിറങ്ങുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഭാര്യ വെളുത്തയുടെയും മകന്‍ കുഞ്ഞിന്റെയും ചിത്രങ്ങളാണ് ഈ പോസ്റ്ററില്‍ ഉള്ളത്.. പുതുമുഖം നിയയും മാസ്റ്റര്‍ ആദില്‍ രാജുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് തിരുവിതാം കൂറിലെ ഏറ്റവും ധനികരായ രണ്ടോ മൂന്നോ വ്യക്തികളില്‍ ഒരാളായിരുന്നു വേലായുധച്ചേകവര്‍..
അന്നത്തെ കാലത്ത് സ്വന്തമായി നിരവധി പാക്കപ്പലുകളും വിദേശത്തേക്ക് മലഞ്ചരക്ക് കയറ്റുമതിയും, വലിയ ഭൂസ്വത്തുക്കളും ഒക്കെയുള്ള കുബേരനെന്നു വിശേഷിപ്പിക്കാവുന്ന വ്യക്തി.. തിരുവിതാംകൂറിന്റെ ഖജനാവില്‍ പണത്തിനു പഞ്ഞം വരുമ്പോള്‍ സഹായിച്ചിരുന്നവരാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരും കോട്ടയത്തുള്ള തരകനും എന്നു പറയുമ്പോള്‍ ഈ ധനികരുടെ ആസ്തിയേപ്പറ്റി നമുക്കു ചിന്തിക്കാവുന്നതേയുള്ളു. പക്ഷേ ഈ സമ്പത്തും സുഖസൗകര്യങ്ങളും ഒന്നും വേലായുധനെ സന്തോഷിപ്പിച്ചിരുന്നില്ല.
തന്റെ സഹജീവികളായ സാധാരണക്കാരുടെ നരകയാതനയും.. അവരെ വെറും കീടങ്ങളെപ്പോലെ ചവിട്ടി മെതിച്ചിരുന്ന മാടമ്പിമാരുടെ ക്രൂരതയും അവസാനിപ്പിക്കാന്‍ തന്റെ ജീവിതം ഉഴിഞ്ഞു വച്ചവനായിരുന്നു വേലായുധച്ചേകവര്‍. അതുകൊണ്ടു തന്നെ പ്രമാണിമാരുടെയും, മാടമ്പിമാരുടെയും ആജന്‍മ ശത്രുവുമായിരുന്നു. ജീവന്‍ പോലും പണയം വച്ച് വേലായുധന്‍ യുദ്ധ സമാനമായ പോരാട്ടങ്ങള്‍ നടത്തുമ്പോഴൊക്കെ ഉള്ളില്‍ എരിയുന്ന തീയുമായി പ്രാര്‍ത്ഥനയോടെ ഇരുന്ന വെളുത്ത തന്റെ ചേകവര്‍ക്ക് മാനസികമായ എല്ലാ പിന്തുണയും നല്‍കിയിരുന്നു.. പുതുമുഖം നിയ വെളുത്തയെ ഭംഗിയായി അവതരിപ്പിച്ചു..
പലരും ചോദിക്കുന്ന പോലെ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം അതുപോലെ പകര്‍ത്തുന്ന ഒരു ഡോക്കുമെന്ററി അല്ല ഈ സിനിമ.. മറിച്ച് തിരുവിതാംകൂറിന്റെ ചരിത്രം എഴുതിയപ്പോള്‍ എല്ലാം എന്തുകൊണ്ടോ തഴയപ്പെടുകയും തമസ്‌കരിക്കുകയും ചെയ്ത സാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയും
ആ നവോത്ഥാന നായകന്‍ സമൂഹത്തിനു വേണ്ടി ചെയ്ത നന്‍മകളിലൂടെ യാത്ര ചെയ്യുകയുമാണ് ഈ സിനിമ ചെയ്യുന്നത്.. ഇതുവരെ മലയാള സിനിമ ചര്‍ച്ച ചെയ്യാത്ത മണ്ണിന്റെ മണമുള്ള, സംഘര്‍ഷഭരിതവും ജീവിതഗന്ധിയുമായ ഒരു കഥ പറയുമ്പോള്‍ തന്നെ.. ആക്ഷന്‍ പാക്ക്ട് ആയ ഒരു ത്രില്ലര്‍ കൂടിയായി മാറുകയാണ് ഈ ചരിത്ര സിനിമ..അത്രക്കു നാടകീയത നിറഞ്ഞ പോരാട്ടങ്ങളാണ് വേലായുധച്ചേകവര്‍ നടത്തിയിരുന്നത്..

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker