KERALALATEST

വൈദ്യുതി ഭവന്‍ വളയലിലുറച്ച് സമരക്കാര്‍, കര്‍ശന നടപടിയെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: കെ എസ് ഇ ബി യില്‍ ചെയര്‍മാനും യൂണിയന്‍ നേതാക്കളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന വൈദ്യുതി ഭവന്‍ വളയല്‍ സമരത്തെ അച്ചടക്കത്തിന്റെ വാളോങ്ങി ചെയര്‍മാന്‍ നേരിടാന്‍ തീരുമാനിച്ചതോടെ സമവായം നീളുമെന്നുറപ്പാണ്. ഇന്നലെ തന്നെ ഉപരോധ സമരത്തിന് അനുമതി നിഷേധിച്ച് ചെയര്‍മാന്‍ ഉത്തരവിറക്കിയിരുന്നു. ചെയര്‍മാനെതിരായ ആരോപണം ലേഖനത്തില്‍ ആവര്‍ത്തിച്ചതിന്റെ പേരില്‍ അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്കുള്ള ആലോചനയും മാനേജ്‌മെന്റ് തലത്തില്‍ നടക്കുന്നതും പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്
കെഎസ്ഇബിയിലെ തര്‍ക്കം ഒരാഴ്ച പിന്നിടുമ്പോഴും പ്രശ്‌ന പരിഹാരത്തിനുള്ള സൂചനകളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സമരം ചെയ്യുന്ന ഓഫീസേഴ്‌സ് അസോസിയേഷനുമായി ഇപ്പോഴും നേരിട്ടുള്ള ചര്‍ച്ചക്ക് വൈദ്യുതി മന്ത്രി ഒരുക്കമല്ല. സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി യൂണിയനുകളുമായി മാത്രമാണ് മന്ത്രി ഇന്ന് ചര്‍ച്ച നടത്തുകയെന്നാണ് സൂചനകള്‍. ഇന്നത്തെ മന്ത്രിയുടെ ചര്‍ച്ച പ്രധാനമായും ലൈന്‍മാന്‍മാരുടെ നിയമനത്തിലെ തര്‍ക്കത്തെ കുറിച്ചാണ്.
അതേസമയം വൈദ്യുതി ഭവന് മുന്നില്‍ സമരം തുടരുന്ന ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്. ഇന്ന് ആയിരം പേരെ അണിനിരത്തി വൈദ്യതി ഭവന്‍ വളയാനാണ് തീരുമാനം. സമരം തീര്‍ക്കാനുള്ള ഉത്തരവാദിത്തം മാനേജ്‌മെന്റിനാണെന്നാണ് സമരക്കാരുടെ നിലപാട്.
ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ അസോസിയേഷന്‍ പ്രസിഡണ്ട് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്കൊരുങ്ങുകയാണ് മാനേജ്‌മെന്റ്. ചെയര്‍മാന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം ലേഖനത്തില്‍ ആവര്‍ത്തിച്ചതാണ് കാരണം. ഈ ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടും ആരോപണം ആവര്‍ത്തിക്കുന്നത് ഗൗരവമായിട്ടാണ് മാനേജ്‌മെന്റ് കാണുന്നത്.
ജീവനക്കാരെ തടയില്ലെന്ന് പറയുമ്പോഴും വൈദ്യുതി ഭവന്‍ വളയല്‍ സമരത്തെയും ഗൗരവത്തോടെയാണ് കെഎസ്ഇബി മാനേജ്‌മെന്റ് കാണുന്നത്. സര്‍വ്വീസ് ചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിന് അനുമതി നിഷേധിച്ച് കൊണ്ട് ചെയര്‍മാന്‍ ഉത്തരവിറക്കിയത്. ഉപരോധ സമരത്തില്‍ പങ്കെടുത്താല്‍ കര്‍ശന നടപടിയെന്നും ഉത്തരവില്‍ മുന്നറിയിപ്പുണ്ട്. സംഘര്‍ഷ സാധ്യത ഉണ്ടായാല്‍ വീണ്ടും സമരക്കാര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker