തിരുവനന്തപുരം: സംസ്ഥാനത്ത് വൈന്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ചട്ടങ്ങള്‍ തയ്യാറായി. മൂന്ന് വര്‍ഷത്തേക്കാണ് ലൈസന്‍സ് അനുവദിക്കുക. 50,000 രൂപയാണ് വാര്‍ഷിക ഫീസ്. എക്സൈസ് വകുപ്പ് തയ്യാറാക്കിയ ചട്ടങ്ങള്‍ നിയമ വകുപ്പ് പരിശോധിച്ച ശേഷം നികുതി വകുപ്പിന്റെ അംഗീകാരത്തോടെ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
ലൈസന്‍സ് കിട്ടണമെങ്കില്‍ ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കുന്ന കെട്ടിടത്തിന്റെ വിവരങ്ങള്‍, സാങ്കേതിക കാര്യങ്ങള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ട്, അസംസ്കൃത വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍, ഉല്‍പ്പാദകന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച രേഖ, എന്നിവ എക്സൈസിനു നല്‍കണം.
ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ലഭിച്ചാല്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ കാര്‍ഷിക വകുപ്പിലെ അസി ഡയറക്ടര്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിക്കണം. ഈ കമ്മിറ്റിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ അസി കമ്മീഷ്ണര്‍, പൊതുമരാമത്ത് വകുപ്പിലെ അസി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിലെ ഇന്‍സ്പെക്ടറും ഈ കമ്മിറ്റിയില്‍ അംഗമായിരിക്കും. ഈ കമ്മിറ്റിയുടെ ശുപാര്‍ശ ഉള്‍പ്പെടുത്തി എക്സൈസ് കമ്മീഷ്ണര്‍ക്ക് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ശുപാര്‍ശ നല്‍കണം. തുടര്‍ന്ന് എക്സൈസ് കമ്മീഷ്ണര്‍ ശുപാര്‍ശ പരിശോധിച്ച് അപേക്ഷകള്‍ മുന്‍പ് അബ്കാരി കേസില്‍ പ്രതിയല്ലെന്ന് ഉറപ്പുവരുത്തണം. കൂടാതെ ധനസ്ഥിതി തൃപ്തികരമാണെന്നും ഉറപ്പാക്കണം. അപേക്ഷ ലഭിക്കുമ്പോള്‍ ഡെപ്യൂട്ടി കമ്മീഷ്ണറാണ് അപേക്ഷ പുതുക്കേണ്ടത്.
ഉല്‍പ്പാദന കേന്ദ്രത്തിലെ വിവിധ റൂമുകളിലേക്ക് ഒരു വാതില്‍ മാത്രമേ പാടുള്ളൂ. ഒരു താക്കോല്‍ ഉടമസ്ഥനും രണ്ടാമത്തെ താക്കോല്‍ എക്സൈസ് ഇന്‍സ്പെക്ടറുമാണ് സൂക്ഷിക്കേണ്ടത്. ഉല്‍പ്പാദന കേന്ദ്രത്തിന്റെ ജനലുകള്‍ ഗ്രില്ലുകള്ക്കൊണ്ട് നിര്‍മ്മിച്ചതായിരിക്കണം.
വൈന്‍ ബോട്ടിലിങ് ഫീസ് 5000 രൂപയാണ്. വൈന്‍ ഉല്‍പ്പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി ഉല്‍പ്പാദകനും എക്സൈസ് വകുപ്പും തമ്മില്‍ കരാറുണ്ടാക്കണം. സ്ഥാപനവും അതിന്റെ സ്വത്തും സര്‍ക്കാരിന് ഈട് നല്‍കേണ്ടതുണ്ട്. എന്തെങ്കിലും കാരണത്താല്‍ സര്‍ക്കാരിന് പണം തിരികെ പിടിക്കണമെങ്കില്‍ ജപ്തി നടപടി സ്വീകരിക്കാന്‍ സാധിക്കും. ലൈസന്‍സ് അനുവദിച്ചതായി അറിയിപ്പ് ലഭിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാരുമായി കരാറുണ്ടാക്കണം. അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാകും. ഫീസ് മടക്കി ലഭിക്കുകയുമില്ല. നേരത്തെ പഴങ്ങളില്‍ നിന്നും വൈന്‍ ഉല്പാദിപ്പിക്കാന് അനുമതി നല്‍കിയിരുന്നു.