BREAKING NEWSKERALALATEST

”വോട്ടര്‍മാരെ മനുഷ്യരായി കാണാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല”; വിമര്‍ശനവുമായി എ വിജയരാഘവന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കേരളത്തില്‍ യുഡിഎഫിനും ബിജെപിക്കും മാത്രമല്ല തിരിച്ചടി നേരിട്ടതെന്നും കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ വിശ്വാസ്യതയിലും വലിയ ഇടിവുണ്ടായെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍ പറയുന്നു. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ട നിശ്ചയിച്ചത് മാധ്യമങ്ങളാണെന്നും ഇത് ഒരു ഘട്ടത്തില്‍ കെപിസിസി പ്രസിഡന്റ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
ജമാഅത്തെ ഇസ്ലാമിയെന്ന തീവ്ര വര്‍ഗീയ പ്രസ്ഥാനവുമായി പരസ്യമായും ബിജെപിയുമായി രഹസ്യമായും കൂട്ടുകെട്ടുണ്ടാക്കിയ മുസ്ലിംലീഗിനെ സിപിഎം വിമര്‍ശിച്ചപ്പോള്‍, അതു മുസ്ലിങ്ങള്‍ക്കെതിരാണെന്ന് ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ വല്ലാതെ പാടുപെട്ടുവെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ജനകീയ പ്രശ്‌നങ്ങളെ പിറകോട്ട് തള്ളിമാറ്റി എല്ലാം ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനാണ് മാധ്യമങ്ങള്‍ പരിശ്രമിച്ചത്. ജാതിമത സമവാക്യങ്ങള്‍ വരച്ചുണ്ടാക്കി അതിനകത്ത് വോട്ടര്‍മാരെ പിടിച്ചിട്ടാണ് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് പ്രചരിപ്പിച്ചതെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

എ വിജയരാഘവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ നിലപാടുകളും പ്രവര്‍ത്തനരീതിയും പുനഃപരിശോധിക്കുമെന്ന് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. പറയുന്നതുപോലെ നടക്കുമോ എന്നതു മറ്റൊരു കാര്യം. തെരഞ്ഞെടുപ്പില്‍ വിജയം നേടിയവരും ഫലം വിലയിരുത്തും. പോരായ്മകള്‍ ഉണ്ടെങ്കില്‍ തിരുത്തും. കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. ഇതെല്ലാം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്.എന്നാല്‍, ജനാധിപത്യത്തിന്റെ നാലാംതൂണെന്ന് കണക്കാക്കപ്പെടുന്ന മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കമോ പ്രതികരണമോ കാണുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. വാസ്തവത്തില്‍, നിഷേധ രാഷ്ട്രീയം മുറുകെ പിടിച്ച യുഡിഎഫിനും വിദ്വേഷ രാഷ്ട്രീയം തീവ്രമായി ഉയര്‍ത്തിയ ബിജെപിക്കും മാത്രമല്ല തിരിച്ചടി നേരിട്ടത്. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് വിശ്വാസ്യതയില്‍ വലിയ ഇടിവുണ്ടായി.
ഇടതുപക്ഷ സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരെ അവര്‍ സംഘടിതമായി നടത്തിയ പ്രചാരണങ്ങളെല്ലാം ജനങ്ങള്‍ പാടേ തള്ളിക്കളഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകാത്തത്? ഞങ്ങള്‍ ഈ നാട്ടുകാരേ അല്ല എന്ന മട്ടില്‍ ഇരിക്കാന്‍ വായനക്കാരോടും പ്രേക്ഷകരോടും ഉത്തരവാദിത്തമുള്ളവര്‍ക്ക് കഴിയുമോ? ശരിയാണ്, കേരളത്തില്‍ ഇടതുപക്ഷഭരണം ഇല്ലാതാക്കാന്‍ വലതുപക്ഷപിന്തിരിപ്പന്‍ ശക്തികളോടൊപ്പം മാധ്യമങ്ങള്‍ അണിനിരക്കുന്നത് പുതിയ കാര്യമല്ല. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വലതുപക്ഷവും ജാതിമത ശക്തികളും ഒന്നിച്ചപ്പോള്‍ അതിനുമുമ്പില്‍ മുഖ്യധാരാ മാധ്യമങ്ങളും ഉണ്ടായിരുന്നു. 19701980 കാലത്തെ സിപിഎം വിരുദ്ധ മുന്നണിക്ക് ഊര്‍ജം നല്‍കിയതും വലതുപക്ഷ മാധ്യമങ്ങളാണ്. എന്നാല്‍, ഇതിനെയെല്ലാം അതിജീവിച്ച് കേരളത്തില്‍ ഇടതുപക്ഷ വിജയങ്ങളുണ്ടായി.
ഓരോ ഇടതുപക്ഷ സര്‍ക്കാര്‍ വരുമ്പോഴും തുടര്‍ഭരണം അസാധ്യമാക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഇത്തവണ അവര്‍ പരാജയപ്പെട്ടു, ദയനീയമായി തന്നെ. കഴിഞ്ഞ നാലഞ്ചുവര്‍ഷമായി വലതുപക്ഷ മാധ്യമങ്ങള്‍ എന്തൊക്കെയാണ് ഇവിടെ ചെയ്തുകൂട്ടിയത്. സര്‍ക്കാര്‍ വിരുദ്ധ അന്തരീക്ഷം രൂപപ്പെടുത്താന്‍ അവര്‍ നിരന്തരമായും സംഘടിതമായും ശ്രമിക്കുകയായിരുന്നു. ഓരോ ഘട്ടത്തിലും യുഡിഎഫിന്റെ രാഷ്ട്രീയ അജന്‍ഡ നിര്‍ണയിച്ചുകൊടുത്തത് മാധ്യമങ്ങളാണ്. മാധ്യമങ്ങളുമായി ആലോചിക്കാതെ താന്‍ ഒരു തീരുമാനവും എടുക്കാറില്ലെന്ന് ഒരു ഘട്ടത്തില്‍ ടിവി ക്യാമറകള്‍ക്കു മുമ്പില്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞുപോയത് ആരും മറന്നിട്ടില്ല. സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും നടത്തിയ ഗൂഢാലോചനകളില്‍ എല്ലാ നിയന്ത്രണവും വിട്ട് വലതുപക്ഷ മാധ്യമങ്ങള്‍ പങ്കാളികളാകുന്നതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷത്തില്‍ കണ്ടത്.
സമാനതകളില്ലാത്ത വികസനമാണ് പശ്ചാത്തല സൗകര്യ മേഖലയിലും വിദ്യാഭ്യാസആരോഗ്യ രംഗങ്ങളിലുമടക്കം അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തിലുണ്ടായത്. രണ്ടേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കിയ ‘ലൈഫ്’ പദ്ധതി രാജ്യത്തിനാകെ മാതൃകയായി. വര്‍ഗീയ ലഹളകളോ സംഘര്‍ഷങ്ങളോ ഇല്ലാതെ ജനങ്ങള്‍ക്ക് സമാധാനവും സ്വൈര ജീവിതവും ഉറപ്പാക്കി. ജനങ്ങളുടെ ഐക്യം തകര്‍ക്കാന്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെയെല്ലാം ചങ്കുറപ്പോടെ നേരിട്ടു. ദുരന്തകാലത്ത് ജനങ്ങളുടെ സംരക്ഷകനായി സര്‍ക്കാര്‍ നിലകൊണ്ടു. ഇതിനെയെല്ലാം ഇകഴ്ത്തിക്കാണിക്കാനോ താറടിക്കാനോ ആണ് വലതുപക്ഷമാധ്യമങ്ങള്‍ ശ്രമിച്ചത്. ജനാധിപത്യത്തിന്റെയും പൊതുജനതാല്‍പ്പര്യത്തിന്റെയും കാവല്‍ക്കാരാകേണ്ട മാധ്യമങ്ങള്‍, ജനങ്ങള്‍ക്കൊപ്പംനിന്ന സര്‍ക്കാരിനെതിരെ അപവാദത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker