കൊച്ചി: ഇന്ത്യയിലെ ആഡംബര ബ്രാന്‍ഡുകളില്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യുന്ന ആദ്യത്തെ വൈദ്യുത കാര്‍ വോള്‍വോ ജൂലൈയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിക്കു വേണ്ടി ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്ന ഈ പൂര്‍ണ ബാറ്ററി വൈദ്യുത വാഹനം ഒക്ടോബര്‍ മുതല്‍ വിതരണത്തിനും എത്തും. എക്സ് സി 40 റീചാര്‍ജ് ലഭ്യമാക്കുന്ന വോള്‍വോ കാര്‍ ഓരോ ചാര്‍ജു ചെയ്യലിലും 418 കിലോമീറ്റര്‍ വരെ ഓടിക്കാനാവും. ബെംഗലൂരുവിനു സമീപമുള്ള ഹസകോട്ടെ പ്ലാന്റിലായിരിക്കും ഇത് അസംബിള്‍ ചെയ്യുക. വാഹന മേഖലയുടെ ഭാവി വൈദ്യുത വാഹനങ്ങളിലാണെന്നും 2030ഓടെ തങ്ങള്‍ പൂര്‍ണ വൈദ്യുത കാര്‍ കമ്പനിയാകുമെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. 2022 മുതല്‍ ഓരോ വര്‍ഷവും ഓരോ വൈദ്യുത കാര്‍ വീതം അവതരിപ്പിക്കാനാണ് വോള്‍വോ പദ്ധതിയിടുന്നത്.