BREAKINGNATIONAL

വ്യാജകോടതി, ഏത് ഭൂമി തര്‍ക്കക്കേസിലും പരിഹാരമുണ്ടാക്കും, ഒന്നും രണ്ടുമല്ല 5 വര്‍ഷം പറ്റിച്ചു, അറസ്റ്റ്

വ്യാജന്മാരെ കൊണ്ട് എവിടേയും ഇല്ല ഒരു രക്ഷ. വ്യാജ ഡോക്ടറും വ്യാജ പൊലീസും അങ്ങനെ നീളുന്നു അത്. എന്നാല്‍, വ്യാജ സര്‍ക്കാര്‍ ഓഫീസിനും, വ്യാജ ടോള്‍ പ്ലാസയ്ക്കും ശേഷം ഗുജറാത്തിലിപ്പോള്‍ ആളുകളെ ഞെട്ടിച്ചിരിക്കുന്നത് ഒരു വ്യാജ കോടതിയാണ്. വ്യാജ കോടതി നടത്തിയ ഗാന്ധിനഗറില്‍ നിന്നുള്ള ഒരാളെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളിലാണത്രെ ഈ കോടതി വ്യാജ ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. പൊലീസ് പറയുന്നതനുസരിച്ച്, മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാളെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതി നിയോ?ഗിച്ചിരിക്കുന്ന മധ്യസ്ഥനാണ് എന്ന പേരിലാണ് ഇയാള്‍ വിവിധ വിഷയങ്ങളില്‍ ഇടപെട്ടിരുന്നത്. ഒപ്പം ഇയാള്‍ ഒരു കെട്ടിടത്തില്‍ കോടതി പോലെ തന്നെയുള്ള സജ്ജീകരണവും ഒരുക്കിയിരുന്നു.
ഇതെല്ലാം ശരിക്കും ഉള്ളതാണ് എന്നും, ഇത് കോടതി തന്നെയാണ് എന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി തന്റെ കൂട്ടാളികളെ ഇയാള്‍ കോടതിയിലെ സ്റ്റാഫുകളായും വക്കീലന്മാരായും നിര്‍ത്തിയിരുന്നത്രെ. കേസുകള്‍ തീര്‍പ്പാക്കുന്നതിനും വിധി അനുകൂലമാക്കുന്നതിനും വേണ്ടി ഇടപാടുകാരില്‍ നിന്നും ഇയാളും സംഘവും പണവും വാങ്ങിയിരുന്നു. ഫീസ് എന്നും പറഞ്ഞാണ് ഇവര്‍ അവരില്‍ നിന്നും നിശ്ചിത തുക കൈക്കലാക്കിയിരുന്നത്.
ഇതിനെക്കാളൊക്കെ ആളുകളെ ഞെട്ടിക്കുന്ന കാര്യം കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ വ്യാജ കോടതി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. ജില്ലാ കളക്ടറുടെ കീഴിലുള്ള ഒരു സര്‍ക്കാര്‍ഭൂമിയുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്ക കേസില്‍ ഈ വ്യാജകോടതി ‘വിധി’ പുറപ്പെടുവിച്ചതോടെയാണ് ഇത് പുറത്തറിയുന്നതും പൊലീസ് ഇടപെടുന്നതും.
ഒരു സ്വകാര്യവ്യക്തി ഈ സ്ഥലം തന്റേതാണ് എന്ന് അവകാശപ്പെടുകയായിരുന്നു. അതില്‍ ഈ വ്യാജകോടതി ഇടപെടുകയും അയാള്‍ക്ക് അനുകൂലമായി വിധി രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നുവത്രെ.
ആ ഭൂമിയുടെ റവന്യൂ രേഖകളില്‍ തന്റെ കക്ഷിയുടെ പേര് ചേര്‍ക്കാന്‍ കളക്ടര്‍ക്ക് വ്യാജ ജഡ്ജി നിര്‍ദേശം നല്‍കുകയായിരുന്നു. ഒരു പടി കൂടി കടന്ന് പ്രതി മറ്റൊരു അഭിഭാഷകന്‍ മുഖേന സിറ്റി സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കുകയും അതിനൊപ്പം താന്‍ പുറപ്പെടുവിച്ച വിധി അറ്റാച്ച് ചെയ്യുകയും ചെയ്തു.
എന്നാല്‍, ഇത്തവണ ഇയാളുടെ കള്ളി വെളിച്ചത്തായി. യഥാര്‍ത്ഥ കോടതിക്ക് കാര്യം മനസിലായി. പിന്നാലെ ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു.

Related Articles

Back to top button