BREAKING NEWSKERALALATEST

വ്യാജ പ്രൊഫൈലില്‍ കോണ്‍ഗ്രസ് നേതാവിനെതിരേ പ്രചാരണം, സൈബര്‍സെല്‍ പൊക്കിയത് മറ്റൊരു നേതാവിനെ

കണ്ണൂര്‍: വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ തനിക്കെതിരേ പ്രചാരണം നടത്തിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് സൈബര്‍സെല്‍, സംഭവത്തിനുപിന്നില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവാണെന്ന് കണ്ടെത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ പരാതിയില്‍ ജില്ലാ യു.ഡി.എഫ്. ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പി.ടി.മാത്യു ആണെന്നാണ് കണ്ടെത്തല്‍. കരുവഞ്ചാലില്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ലാന്‍ഡ്‌ലൈന്‍ മുഖേനയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ചാണ് ഈ പ്രൊഫൈല്‍ നിര്‍മിച്ചതെന്നാണ് വ്യക്തമായത്. സൈബര്‍സെല്ലിന്റെ കണ്ടെത്തല്‍ ആലക്കോട് പോലീസിന് കൈമാറി. പരാതിക്കാരനായ സോണിയുടെ വീട് ഈ സ്റ്റേഷന്‍പരിധിയിലെ തേര്‍മലയിലാണ്. പി.ടി.മാത്യുവിനെ ആലക്കോട് ഇന്‍സ്‌പെക്ടര്‍ കെ.വിനോദന്‍ ചോദ്യംചെയ്തു. സോണിയുടെ മൊഴിയെടുത്തശേഷം തുടര്‍നടപടി സ്വീകരിക്കും.
നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിനിര്‍ണയം നടക്കുന്ന മാര്‍ച്ച് ആദ്യം ജോണ്‍ ജോസഫ് എന്നയാളുടെ പേരില്‍ പ്രൊഫൈല്‍ നിര്‍മിച്ച് തനിക്കെതിരേ പ്രചരണം നടത്തിയെന്നാണ് സോണിയുടെ പരാതി. ആലക്കോട് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റായിരിക്കേ സോണി ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് വ്യാജരേഖ ചമച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും ഈ കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സോണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതായും ജോണ്‍ജോസഫിന്റെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവും ഒപ്പം ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ടാഗ് ചെയ്തിരുന്നു. ‘അഴിമതിവീരന്‍ സോണി സെബാസ്റ്റ്യന്‍ നമ്മുടെ സ്ഥാനാര്‍ഥിയായി വരണോ ? എപ്രില്‍ 28ന് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ സോണി മുഖ്യപ്രതിയായ കൊപ്ര കേസ് നടപടി തുടങ്ങുകയാണ്. ഈ അവസരത്തില്‍ സോണി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വരുന്നത് വളരെയേറെ ദോഷംചെയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്’ എന്നായിരുന്നു മറ്റൊരു പോസ്റ്റില്‍. തുടര്‍ന്നുള്ള ദിവസങ്ങളിലും സമാനരീതിയിലുള്ള പോസ്റ്റുണ്ടായിരുന്നു. ഇതാണ് പരാതിക്കിടയാക്കിയത്. ബുധനാഴ്ച സംഭവം പുറത്തുവന്നതോടെ പ്രൊഫൈല്‍ ഫെയ്‌സ് ബുക്കില്‍നിന്ന് അപ്രത്യക്ഷമായി.
കോണ്‍ഗ്രസിലെ എ വിഭാഗക്കാരാണ് സോണിയും മാത്യുവും. സിറ്റിങ് എം.എല്‍.എ. കെ.സി.ജോസഫ് ഇരിക്കൂറില്‍ ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഇരുവരും ഈ സീറ്റിനുവേണ്ടി ശ്രമിച്ചിരുന്നു. കാലങ്ങളായി എ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന സീറ്റില്‍ ഐ ഗ്രൂപ്പിലെ സജീവ് ജോസഫിനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത് എ ഗ്രൂപ്പില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നിന്നത് സോണിയും മാത്യുവും ആണ്. ഉമ്മന്‍ചാണ്ടി നേരിട്ടുവന്ന് ഗ്രൂപ്പ് നേതാക്കളുടെ യോഗം വിളിച്ച് സംസാരിച്ചാണ് പ്രശ്‌നങ്ങളൊതുക്കിയത്. തുടര്‍ന്നാണ് ഇരുവരും പ്രചാരണത്തില്‍ സജീവമായത്. പുതിയ വെളിപ്പെടുത്തല്‍ എ ഗ്രൂപ്പില്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കും.
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിനിര്‍ണയം നടക്കുന്ന സമയത്താണ് വ്യാജ പ്രൊഫൈലില്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്നതെന്ന് സോണി സെബാസ്റ്റ്യന്‍ പ്രതികരിച്ചു. പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. ആരൊക്കെയാണ് പിന്നിലെന്ന് പോലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ.
തന്റെ അറിവോ സമ്മതമോ ഇല്ലാത്ത പോസ്റ്റാണതെന്ന് പി.ടി.മാത്യു പ്രതികരിച്ചു. 49 വര്‍ഷത്തെ പൊതുജീവിതത്തില്‍ ആരെയും വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചിട്ടില്ല. കാര്യങ്ങള്‍ വിശദമായി പഠിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker