BREAKING NEWSKERALALATEST

വ്യാജ രേഖ: വിദ്യ കരിന്തളം കോളേജില്‍ ഹാജരാക്കിയ രേഖകളും പൊലീസ് പരിശോധിക്കും

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ കാസര്‍കോട്ടെ കരിന്തളം കോളേജില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റും കൊച്ചി പൊലീസ് പരിശോധിക്കും. വ്യാജ രേഖയെന്ന വിലയിരുത്തലില്‍ കാസര്‍കോട് നിന്ന് മഹാരാജാസ് കോളേജിലേക്ക് ഈ സര്‍ട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ കൂടി പരിശോധിക്കേണ്ട സാഹചര്യത്തില്‍ കേസ് അഗളി പൊലീസിന് ഉടന്‍ കൈമാറില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ ഇക്കാര്യം പരിഗണിക്കൂ എന്ന് കൊച്ചി സൗത്ത് പൊലീസ് അറിയിച്ചു. അട്ടപ്പാടി രാജീവ് ഗാന്ധി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഗസ്റ്റ് ലക്ചര്‍ നിയമനം നേടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കെ വിദ്യ വ്യാജ രേഖ ഉണ്ടാക്കിയെന്ന വിവരം പുറത്ത് വരുന്നത്.
അതേസമയം, മഹാരാജാസ് കോളേജ് വ്യാജരേഖാ കേസില്‍ കുറ്റാരോപിതയായ വിദ്യ കെയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്‌സ്മലയില്‍ പിന്മാറി. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയാണെന്ന് ബിച്ചു എക്‌സ്മല കാലടി സര്‍വകലാശാലയെ അറിയിച്ചു. കാലടി സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയന്‍. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തില്‍ കാലടി സര്‍വ്വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്.
പാലക്കാട് അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തില്‍ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റര്‍ ഹെഡും ഉണ്ടാക്കി ഒരു കോളേജില്‍ ജോലി ചെയ്യുകയും മറ്റൊരിടത്ത് ജോലി നേടാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് വിദ്യക്കെതിരെ അന്വേഷണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker