KERALALATEST

ശബരിമലയില്‍ തീർത്ഥാടകരുടെ എണ്ണം കൂട്ടി; പ്രതിദിനം 2000 പേര്‍ക്ക് ദര്‍ശനാനുമതി; ബുക്കിങ് തിങ്കളാഴ്ച മുതൽ

 


തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 1000 ത്തില്‍ നിന്ന് 2000 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. തിങ്കളാഴ്ച മുതല്‍ ബുക്കിങ് ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താവുന്ന തീര്‍ഥാടകരുടെ എണ്ണം 3000 ആയും വര്‍ധിപ്പിച്ചു. നേരത്തെ ഇത് 2000 ആയിരുന്നു.

തീര്‍ത്ഥാടകര്‍ കുറഞ്ഞതിനാല്‍ വരുമാനത്തിലുണ്ടായ കുറവ് ചൂണ്ടിക്കാണിച്ച് എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം ശബരിമലയില്‍ ഡ്യൂട്ടിക്കുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിന് എതിരഭിപ്രായമുണ്ടായിരുന്നു.

കോവിഡിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് ഇക്കുറി കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. നവംബര്‍ 28വരെ സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ആയി 45 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് രോഗംവന്ന 9 പേരും ജീവനക്കാരാണ്. പൊലീസ്, ദേവസ്വം ബോര്‍ഡ്,റവന്യൂ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് സന്നിധാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലക്കലില്‍ പരിശോധന നടത്തിയ 24 തീര്‍ഥാടകര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. എല്ലായിടത്തുമായി ഇതുവരെ 20 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകളിലെ ഓരോ ജീവനക്കാര്‍ക്കും രോഗം കണ്ടെത്തി.

ഇതിനിടെ, ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താന്‍ വനംവകുപ്പ് അനുമതി നല്‍കി. മലയരയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. മലയര സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു.

Related Articles

Back to top button