KERALALATEST

ശബരിമലയ്‌ക്കെതിരായ വ്യാജ ചെമ്പോല: വാര്‍ത്തയ്‌ക്കെതിരെ പരാതി ക്യാംപെയ്ന്‍

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭ സമരങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന വേളയില്‍, ശബരിമലയുടെ ചരിത്രം അട്ടിമറിക്കാന്‍ കേരളത്തിലെ പ്രമുഖ ന്യൂസ് ചാനല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന ആക്ഷേപം പൊതുസമൂഹത്തിനിടയിലുണ്ട്. ചാനല്‍ റിപ്പോര്‍ട്ടര്‍ വ്യാജ വാര്‍ത്ത അവതരിപ്പിച്ചെന്ന ആരോപണത്തിന്‍മേല്‍, നടപടി ആവശ്യപ്പെട്ട് ഫേസ്ബുക്കിലൂടെ പരാതി ക്യാംപെയ്ന്‍ സംഘടിപ്പിച്ചിരിക്കുകയാണ് അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. ശങ്കു ടി. ദാസ്. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് ഓണ്‍ലൈനായാണ് പരാതി സമര്‍പ്പിക്കുന്നത്. ഇതുവരെ പതിനായിരത്തിലധികം പരാതികള്‍ കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി ശങ്കു ടി. ദാസ് വ്യക്തമാക്കുന്നു.
വിശദമായ പരാതി ഓണ്‍ലൈന്‍ ലിങ്കില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. പരാതി ചെല്ലേണ്ട ഇമെയില്‍ ഐഡികളും ലിങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ബി മന്ത്രാലയത്തിലെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ക്കാണ് പരാതി ചെല്ലുന്നതെന്നും താല്പര്യമുള്ളവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാമെന്നുമാണ് ക്യാംപെയ്‌നില്‍ പറഞ്ഞിരിക്കുന്നത്. ക്യാംപെയ്‌ന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ശങ്കു ടി. ദാസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്.
സമാന വിഷയത്തില്‍, ശങ്കു ടി.ദാസ് നേരത്തേ, ഡിജിപിക്കും പരാതി നല്‍കിയിരുന്നു. 2018 ഡിസംബര്‍ 10 ന് ചാനല്‍ റിപ്പോര്‍ട്ടര്‍ നല്‍കിയ വാര്‍ത്തക്കെതിരെയായിരുന്നു പരാതി. ശബരിമല ക്ഷേത്രത്തെ സംബന്ധിക്കുന്ന 400 വര്‍ഷം പഴക്കമുള്ള ആധികാരിക രേഖ എന്നവകാശപ്പെട്ടാണ് പന്തളം കൊട്ടാരം വക ചെമ്പോല തിട്ടൂരത്തിന്റെ മാതൃകയില്‍ വ്യാജമായി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന രേഖ ഉയര്‍ത്തി കാട്ടി ന്യൂസ് ചാനല്‍ തെറ്റായ വാര്‍ത്ത അവതരിപ്പിച്ചതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള മോന്‍സണ്‍ മാവുങ്കല്‍ എന്നയാളുടെ വ്യാജ പുരാവസ്തു ശേഖരത്തിന്റെ ഭാഗമായിരുന്നു ചെമ്പോല തിട്ടൂരവും. കൊല്ലവര്‍ഷം 843 ല്‍ പുറപ്പെടുവിച്ചതും രാജമുദ്രയുള്ളതും വട്ടെഴുത്ത് മലയാളത്തില്‍ ചെമ്പ് തകിടില്‍ എഴുതപ്പെട്ടതുമായ ആ രേഖ പ്രകാരം ശബരിമല ക്ഷേത്രത്തില്‍ ബ്രാഹ്മണ പൂജാരികള്‍ക്ക് യാതൊരു അധികാരവും ഇല്ലെന്ന് ന്യൂസ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
ശബരിമല ക്ഷേത്രത്തില്‍ ഈഴവര്‍ക്കും മലയരയര്‍ക്കും മാത്രമേ ആരാധനയ്ക്കും ആചാരങ്ങള്‍ക്കും അധികാരമുള്ളൂ എന്നും അങ്ങനെയിരിക്കെ താഴ്മണ്‍ മഠം എന്ന തന്ത്രി കുടുംബം ക്ഷേത്രത്തിലെ സുപ്രധാന സ്ഥാനത്ത് എത്തിയതില്‍ ദുരൂഹത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ വാര്‍ത്ത പിന്നീട് മറ്റ് ചില മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.
സമൂഹത്തില്‍ ജാതീയമായ ഭിന്നിപ്പും സ്പര്‍ദ്ധയും സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു ചാനല്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഫേസ്ബുക്കിലൂടെ ശങ്കു ടി. ദാസ് പരാതി ക്യാംപെയ്ന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker