കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല മോന്‍സന്റെ സുഹൃത്ത് സന്തോഷിന് കൈമാറിയത് താനാണെന്ന് തൃശൂര്‍ സ്വദേശി ഗോപാലകൃഷ്ണന്. 300 വര്‍ഷം പഴക്കമുള്ള ചെമ്പോലയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നെന്നും പുരാവസ്തു കച്ചവടക്കാരനായ ഗോപാലകൃഷ്ണന് അവകാശപ്പെട്ടു.
ത്യശൂര്‍ ഫിലാറ്റലിക് ക്ലബില്‍ വെച്ച് കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളില്‍ നിന്ന് ചെമ്പോല വാങ്ങിയതെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു. ഇത് സന്തോഷ് എന്നയാള്‍ക്ക് കൊടുത്തത് താനാണ്. പണം വാങ്ങിയാണ് സന്തോഷിന് ചെമ്പോല നല്‍കിയത്. ക്ലബ്ബ് അംഗമായ ഒരു പുരാവസ്തു വിദഗ്ദ്ധനാണ് ചെമ്പോല പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയത്.
അമ്പലത്തിലെ വെടിവഴിപാടോ നാളികേരമോ ഒരു പ്രത്യേക വ്യക്തിയെ ചുമതലപ്പെടുത്തി എന്നതാണ് ചെമ്പോലയിലെ എഴുത്തിന്റെ ഉള്ളടക്കം. രണ്ടുവര്‍ഷം മുന്‍പാണ് സന്തോഷിന് ചെമ്പോല കൈമാറിയത്. മോന്‍സണിന്റെ കയ്യിലെത്തിയത് അറിഞ്ഞിരുന്നില്ല. മോന്‍സണുമായി നേരിട്ട് ഇടപാടൊന്നുമില്ല. ഒരിക്കല്‍ തന്നെ വിളിച്ചിരുന്നു. മോന്‍സണെ പരിചയപ്പെടാത്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
ത്യശൂരിലെ അജ്ഞാതനില്‍ നിന്ന് ചെമ്പോല വാങ്ങിയെന്നായിരുന്നു ഇടനിലക്കാരന് സന്തോഷ് ഇന്നലെ പറഞ്ഞത്.