BREAKING NEWSKERALA

ശബരിമല, പൗരത്വ കേസുകളില്‍ ‘വാക്ക്’ എല്ലാം ‘വാക്ക്’ മാത്രം; ഒരു കേസും പിന്‍വലിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടതു സര്‍ക്കാറിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് ശബരിമലപൗരത്വ കേസുകള്‍ പിന്‍വലിക്കുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനമായിരുന്നു. ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേയും ഒപ്പം കൂട്ടാനുള്ള ബുദ്ധിപരമായ നീക്കമായി അന്നത് വിലയിരുത്തപ്പെട്ടതുമാണ്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിലെ കേസുകളും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ്. ഇതിനു പിന്നാലെ ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയിരുന്നു. എന്നാല്‍ ഒരു കേസ് പോലും ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയസഭയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
ശബരിമല യുവതി പ്രവേശന വിഷയത്തിലെ മുന്‍നിലപാടുകളില്‍ പുനര്‍ചിന്തയില്ലെന്ന പിണറായി വിജയന്റെ സ്വരത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ മാറ്റമുണ്ടാവുകയായിരുന്നു. അതോടൊപ്പം, പൗരത്വ ഭേദഗതിക്കെതിരെ ന്യൂനപക്ഷത്തിന് ഒപ്പമെന്ന നിലപാട് സ്വീകരിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ പ്രമേയം വരെ നിയമസഭയില്‍ പാസാക്കിയതുമാണ്. കൂടാതെ സര്‍ക്കാര്‍ തലത്തില്‍ കരുതല്‍ തടവുകേന്ദ്രങ്ങള്‍ (ഡിറ്റന്‍ഷന്‍ സെന്റര്‍) സ്ഥാപിക്കാനുള്ള നീക്കം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. 2021 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ മന്ത്രിസഭയുടെ തീരുമാനം ഇരുകൂട്ടരുടെയും കണ്ണില്‍ പൊടിയിട്ട് തിരഞ്ഞെടുപ്പ് കാലത്ത് ഒപ്പം നിര്‍ത്താനുള്ള തന്ത്രം മാത്രമായിരുന്നെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നിപപാട്.
തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ ഉറപ്പുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മറന്നിരിക്കയാണ്. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിശ്വാസികളെ ഒപ്പം നിര്‍ത്തുകയെന്ന ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ വിശ്വസികളെയാകെ സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു എന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. പിടിഎ റഹീം എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചത്. ശബരിമല പൗരത്വ പ്രതിഷേധ കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ചുവരികയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം റേഞ്ചിന്റെ ചുമതലയുള്ള ഐജിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ശബരിമല വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ 2636 കേസുകളും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് 836 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഉത്തരവ് ഇറങ്ങിയ ശേഷം തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ മറുപടി നല്‍കുന്ന സൂചന. എന്‍എസ്എസ് അടക്കം ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker