BREAKINGKERALA

ശബരിമല സന്നിധാനത്തെ അനധികൃത താമസം; ചെര്‍പ്പുളശ്ശേരി സ്വദേശി സുനില്‍ കുമാറിനെതിരെ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമല സന്നിധാനത്തെ അനധികൃത താമസത്തില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സുനില്‍ കുമാറിനെതിരെ ഹൈക്കോടതി ഉത്തരവ്.പത്ത് വര്‍ഷമായി റൂം കൈവശം വച്ചത് നിയമപരമായി അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ശ്രീകോവിലിനു മുന്നില്‍ ദര്‍ശനത്തിന് പ്രത്യേക പരിഗണന നല്‍കുന്നതും അവസാനിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. അനുവദനീയമായ രീതിയിലല്ലാതെ മുറി ഉപയോഗിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ഇയാളുടെ ദര്‍ശനം വെര്‍ച്ച്വല്‍ ക്യൂ മുഖേനയാകണം. ദേവസ്വവും പോലീസും ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവുണ്ട്. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി.
ശബരിമലയിലെ ഡോണര്‍ ഹൗസായ സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401ാം നമ്പര്‍ മുറി പത്ത് വര്‍ഷമായി സുനി സ്വാമി എന്നറിയപ്പെടുന്ന സുനില്‍ കുമാറാണ് ഉപയോഗിക്കുന്നത്. ഡോണര്‍ മുറികളില്‍ ഒരു സീസണില്‍ അഞ്ച് ദിവസം സൗജന്യമായും പത്ത് ദിവസം വാടക നല്‍കിയും താമസിക്കാം. എന്നാല്‍ വര്‍ഷങ്ങളോളം കൈവശംവെയ്ക്കാന്‍ ഡോണര്‍ കരാറില്‍ വ്യവസ്ഥയില്ല. ഡോണര്‍ കരാറിലെ അനുവദനീയമായ ദിവസത്തില്‍ കൂടുതല്‍ താമസം പാടില്ലെന്നും പ്രത്യേക പരിഗണന ഒരു ഭക്തനുമില്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Back to top button