KERALALATEST

‘ശിലാഫലകത്തില്‍ പേരില്ല, ഉദ്ഘാടനത്തിന് ക്ഷണവുമില്ല’; കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം ശിലാഫലകം അടിച്ചുതകര്‍ത്തു

തിരുവനന്തപുരം: വെള്ളനാട് കിടങ്ങുമ്മല്‍ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാഫലകം ജില്ലാ പഞ്ചായത്തംഗം അടിച്ചുതകര്‍ത്തു. ശിലാഫലകത്തില്‍ പേരില്ല, ഉദ്ഘാടനച്ചടങ്ങിനു ക്ഷണിച്ചില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ശിലാഫലകം തകര്‍ത്തെന്നാണ് ആരോപണം. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗവും വെള്ളനാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വെള്ളനാട് ശശിയാണ് ഫലകം തകര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയും കിടങ്ങുമ്മല്‍ വാര്‍ഡ് അംഗവും ആര്യനാട് പോലീസില്‍ പരാതി നല്‍കി. പൊതുമുതല്‍ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്കാണ് കിടങ്ങുമ്മല്‍ ആരോഗ്യ ഉപകേന്ദ്രത്തില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്.
വെള്ളനാട് ശശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്തായിരുന്നു ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. കേന്ദ്ര പദ്ധതിയായ ശ്യാമപ്രസാദ് മുഖര്‍ജി നാഷനല്‍ റര്‍ബന്‍ മിഷന്റെ 50 ലക്ഷം രൂപ വിനിയോഗിച്ചായരുന്നു നിര്‍മാണം ആരംഭിച്ചത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലാവധി അവസാനിക്കാറായപ്പോള്‍ സ്ഥാപനം അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശിലാഫലകം സ്ഥാപിച്ചിരുന്നു. അന്ന് കെട്ടിടത്തിന്റെ പണി മുക്കാല്‍ ഭാഗം മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ.
പുതിയ ഭരണസമിതി അധികാരമേറ്റതിന് പിന്നാലെ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 11ന് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജലക്ഷ്മി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. പുതിയ ശിലാഫലകവും ഇതിനോടനുബന്ധിച്ച് സ്ഥാപിച്ചു. എന്നാല്‍ പുതിയ ശിലാഫലകത്തില്‍ ജില്ലാപ്പഞ്ചായത്തംഗത്തിന്റെ പേരു ചേര്‍ക്കുകയോ പരിപാടിക്കു ക്ഷണിക്കുകയോ ചെയ്തിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വെള്ളനാട് ശശി ഉളിയും ചുറ്റികയും ഉപയോഗിച്ച് ഫലകം തര്‍ത്തത്.
മുന്‍പ് എംപി ഉദ്ഘാടനം നടത്തിയെന്ന് കാണിച്ച് ഇട്ട ശിലാഫലകം പഞ്ചായത്ത് നിര്‍മാണോദ്ഘാടനം ആക്കി മാറ്റിയിരുന്നു. ഇത്തവണ വളരെ ലളിതമായി നടത്തിയ ചടങ്ങായതിനാലാണ് ജില്ലാ പഞ്ചായത്തംഗത്തെ ക്ഷണിക്കാഞ്ഞതെന്നാണ് പഞ്ചായത്ത് ഭാരവാഹികള്‍ നല്‍കുന്ന വിശദീകരണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker