മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. അല്പ സമയം മുന്‍പാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ശിവശങ്കറിന് വിദേശത്ത് ബിനാപി നിക്ഷേപമുണ്ടെന്ന സംശയത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം തുടങ്ങി.
വിദേശത്തേക്ക് സ്വപ്ന കടത്തിയ ഡോളറില്‍ ശിവശങ്കറിന്റെ ബിനാമി പണുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങളെ കുറിച്ച് ഇഡി ആരാഞ്ഞിരുന്നു. എന്നാല്‍ ഡോളര്‍ കടത്തിനെ കുറിച്ച് അറിയില്ലെന്നാണ് ശിവശങ്കര്‍ നല്കിയ മറുപടി. അതേസമയം, ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മിക്ക ചോദ്യങ്ങള്‍ക്കും ശിവശങ്കര്‍ പരിമിതമായാണ് മറുപടി നല്‍കുന്നതെന്നും ഇഡി പറഞ്ഞു.
കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത ശിവശങ്കറിനെ ഇന്നലെയാണ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടത്. നാല് ദിവസത്തെ കസ്റ്റഡി കാലയളവില്‍ ചില ഉപാധികളും കോടതി മുന്നോട്ടുവച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ശിവശങ്കര്‍ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യരുതെന്ന നിര്‍ദേശം കോടതി നല്‍കിയിരുന്നു.