ENTERTAINMENTBOLLYWOOD

ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രക്കുമെതിരെ പീഡനപരാതി നൽകി നടി ഷെർലിൻ ചോപ്ര

ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ പീഡനകേസ്. നടി ഷെർലിൻ ചോപ്രയാണ് കേസ് നൽകിയത്. ലൈംഗികപീഡനം, മാനസികപീഡനം, വഞ്ചന, ഭീഷണി എന്നിവ ആരോപിച്ചാണ് കേസ്.

ജുഹു പൊലീസ് സ്റ്റേഷനിൽ ഒക്ടോബർ 14നാണ് കേസ് നൽകിയത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ഷെർലിൻ തനിക്ക് നേരെയുണ്ടായ ഭീഷണിയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

ഏപ്രിൽ 14നാണ് രാജ് കുന്ദ്രയ്‌ക്കെതിരെ ഷെർലിൻ ആദ്യമായി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം രാജ് കുന്ദ്ര ഷെർലിൻ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കടന്ന് താരത്തെ ഭീഷണിപ്പെടുത്തിയെന്ന് ഷെർലിൻ പറയുന്നു. കേസ് പിൻവലിക്കണമെന്ന് പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് ഏപ്രിൽ 20ന് ഷെർലിൻ പരാതി പിൻവലിച്ചുവെന്നും താരം വെളിപ്പെടുത്തി.

2019 മാർച്ച് 27ന് രാജ് കുന്ദ്ര തന്റെ വീട്ടിലെത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഷെർലിൻ ചോപ്ര വെളിപ്പെടുത്തി. കുന്ദ്രയുടെ സമ്മർദത്തിന് വഴങ്ങി ഫോട്ടോഷൂട്ടുകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഷെർലിൻ ആരോപിച്ചു.

നീലചിത്ര നിർമാണ കേസിൽ രാജ് കുന്ദ്രയ്്‌ക്കെതിരെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഷെർലിൻ ചോപ്രയുടെ ആരോപണം.
അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും ആപ്പുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിൽ കുന്ദ്ര അറസ്റ്റിലായിരുന്നു. പൊലീസ് ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചതായി മുംബൈ പൊലീസ് കമ്മീഷ്ണർ അറിയിച്ചു. രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തിൽ അകപ്പെട്ടിരുന്നു. അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് രാജ് കുന്ദ്ര പറയുന്നു.

വ്യവസായി രാജ്കുന്ദ്ര ഒന്നര വർഷത്തിനുള്ളിൽ നിർമ്മിച്ചത് 100 ലേറെ നീലചിത്രങ്ങളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രാജ്കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഒഴിവാക്കാൻ 25 ലക്ഷം ക്രൈം ബ്രാഞ്ചിന് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം കുന്ദ്ര നിഷേധിച്ചിരുന്നു. രാജ് കുന്ദ്ര ഉൾപ്പെട്ട നീലചിത്ര നിർമ്മാണ കേസിൽ നടിയും ഭാര്യയുമായ ശിൽപാ ഷെട്ടിയിലേക്കും അന്വേഷണം നീളുമെന്ന് സൂചന വന്നിരുന്നു. വിയൻ കമ്പനിയുടെ ഡയറക്ടറാണ് ശിൽപ. രാജ് കുന്ദ്രയുമായാണ് ക്രൈംബ്രാഞ്ച് സംഘം ശിൽപാ ഷെട്ടിയുടെ വീട്ടിൽ എത്തിയത്. വീട്ടിലെത്തി തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ലക്ഷ്യം.

2004 ൽ സക്‌സസ് മാസിക പുറത്ത് വിട്ട ബ്രിട്ടിഷ് ഏഷ്യൻ ധനികരുടെ പട്ടികയിൽ 198 ാം സ്ഥാനത്തായിരുന്നു രാജ് കുന്ദ്ര. ലണ്ടനിൽ ജനിച്ച് വളർന്ന രാജ് കുന്ദ്ര 18ാം വയസിലാണ് ദുബായിലെത്തുന്നത്. പിന്നീട് നേപാളിലെത്തി പശ്മിന ഷാളുകളുടെ വ്യവസായം ആരംഭിക്കുകയും ബ്രിട്ടണിലെ ഭീമൻ ഫാഷൻ സംരംഭങ്ങൾക്ക് വിൽക്കുകയും ചെയ്ത് വ്യവസായ രംഗത്ത് ദശലക്ഷങ്ങൾ കൊയ്തു. 2013ൽ എസൻഷ്യൽ സ്‌പോർട്ട്‌സ് ആന്റ് മീഡിയ എന്ന സ്ഥാപനവും, സത്യുഗ് ഗോൾഡ്, സൂപ്പർ ഫൈറ്റ് ലീഗ്, ബാസ്റ്റ്യൻ ഹോസ്പിറ്റാലിറ്റി എന്നീ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. രാജ് കുന്ദ്രയും സഞ്ജയ് ദത്തും ചേർന്ന് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷ്ണൽ മിക്‌സഡ് മാർഷ്യൽ ആർട്ട്‌സ് ഫൈറ്റിംഗ് ലീഗാണ് സൂപ്പർ ഫൈറ്റ് ലീഗ്. 2012 ജനുവരി 16നായിരുന്നു ഉദ്ഘാടനം. സ്വഛ് ഭാരത് മിഷന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് 2019 ൽ ചാമ്പ്യൻസ് ഓഫ് ചേഞ്ച് പുരസ്‌കാരം രാജ് കുന്ദ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് രാജ് കുന്ദ്ര 2009 ൽ ശിൽപ ഷെട്ടിയെ വിവാഹം ചെയ്യുന്നത്

Inline

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker