KERALABREAKING NEWSLATEST

ശോഭാ സുരേന്ദ്രനെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം; ബിജെപി ഉള്‍പ്പോര് ഒത്തുതീര്‍പ്പിലേക്ക്

സംസ്ഥാന ബിജെപിയിലെ പോരില്‍ ഒത്തുതീര്‍പ്പിന് കളമൊരുങ്ങുന്നു. ശോഭാ സുരേന്ദ്രനടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ പുതിയ ഫോര്‍മുലയുമായി ബിജെപി. ശോഭാ സുരേന്ദ്രനെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നത്. ശോഭാ സുരേന്ദ്രനെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി അനുനയിപ്പിക്കാനാണ് നീക്കം. നേരത്തെ ഉപാധ്യക്ഷനായിരുന്ന എ.എന്‍. രാധാകൃഷ്ണനെ ഇത്തരത്തില്‍ കോര്‍ കമ്മിറ്റി അംഗമാക്കി പ്രശ്നപരിഹാരം കണ്ടിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മറ്റൊരു നേതാവായ പി.എം. വേലായുധന്റെ കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായ ഒഴിവില്‍ പി.എം. വേലായുധനെ പരിഗണിക്കാനാണ് ആലോചന.

അതേസമയം, പരസ്യപ്രതികരണം നടത്തിയവര്‍ക്ക് വഴങ്ങുന്നത് പിന്നീട് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും ഔദ്യോഗിക പക്ഷത്തിനുണ്ട്. എന്നാല്‍ പ്രശ്നപരിഹാരം വേണമെന്ന ആര്‍എസ്എസ് സമ്മര്‍ദം ബിജെപിക്ക് മുകളിലുണ്ട്. പുതിയ ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ ആര്‍എസ്എസും തൃപ്തരാണെന്നാണ് സൂചന. അന്തിമ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊള്ളും.

Related Articles

Back to top button