BREAKING NEWSWORLD

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദയുടെ മകന്‍ ഉള്‍പ്പെടെ മന്ത്രിമാരെല്ലാം രാജിവച്ചു

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള ജനരോഷം ശക്തമാകുന്നതിനിടെ, ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചതായി അഭ്യൂഹം. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇതു നിഷേധിച്ചു. രാത്രി വൈകി, മഹിന്ദയുടെ മകനും യുവജനകാര്യ, കായിക വകുപ്പ് മന്ത്രിയുമായ നമല്‍ രാജപക്‌സെ രാജിവച്ചു. പിന്നാലെ എല്ലാ കാബിനറ്റ് മന്ത്രിമാരും രാജി സമര്‍പ്പിച്ചു.
എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയും സഹോദരന്‍ കൂടിയായ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് മഹിന്ദയുടെ രാജി അഭ്യൂഹം പരന്നത്. ദേശീയ സര്‍ക്കാരിന് പ്രസിഡന്റ് അനുകൂലമാണെന്നു മുന്‍ മന്ത്രി വിമല്‍ വീരവന്‍സയും പറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കകം ദേശീയ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ ഭരണമുന്നണി വിടുമെന്നു ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി പ്രസിഡന്റിനു കത്തുനല്‍കി.
പ്രതിപക്ഷം പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭം ചിലയിടങ്ങളില്‍ അക്രമാസക്തമായി. കര്‍ഫ്യൂ ലംഘിച്ച് റാലി നടത്താന്‍ ശ്രമിച്ച 664 പേരെ അറസ്റ്റ് ചെയ്തു. പെരാദെനിയയില്‍ വിദ്യാര്‍ഥി പ്രതിഷേധം തടയാന്‍ കണ്ണീ!ര്‍വാതകം പ്രയോഗിച്ചു. കാന്‍ഡി നഗരത്തിലും വിദ്യാര്‍ഥി പ്രക്ഷോഭം അക്രമാസക്തമായി. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തില്‍ കൊളംബോയില്‍ എംപിമാര്‍ മാര്‍ച്ച് നടത്തി.
ഇതിനിടെ, വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം തേടി, ഗോട്ടബയയുടെ വസതിക്കു മുന്നിലെ ട്രാന്‍സ്‌ഫോമറില്‍ കയറി പ്രതിഷേധക്കാരിലൊരാള്‍ ജീവനൊടുക്കി. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും ശ്രീലങ്കക്കാര്‍ പ്രകടനം നടത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത സമൂഹമാധ്യമ ഗ്രൂപ്പുകളുടെ അഡ്മിന്‍ അനുരുദ്ധ ബണ്ടാരയെ ജാമ്യത്തില്‍ വിട്ടയച്ചു.
ഇതിനിടെ, ജനകീയ പ്രക്ഷോഭങ്ങള്‍ക്കു തടയിടാന്‍ അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്ക് ഇന്നലെ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും 15 മണിക്കൂറിനു ശേഷം പിന്‍വലിച്ചു. ഫെയ്‌സ്ബുക്, വാട്‌സാപ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, സ്‌നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയവയാണ് വ്യാജവിവരങ്ങള്‍ തടയാനെന്ന പേരില്‍ ഇന്നലെ പുലര്‍ച്ചെ വിലക്കിയത്. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ മകനും മന്ത്രിയുമായ നമല്‍ രാജപക്‌സെയും ചലച്ചിത്രതാരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നതോടെയാണു വിലക്കു പിന്‍വലിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker