കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാന്‍ സര്‍വകക്ഷി ദേശീയ സര്‍ക്കാരിനു തയാറാണെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അറിയിച്ചു. ഇതിനായി പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവയ്ക്കും. ദേശീയ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്കായി ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റില്‍ പ്രതിനിധികളുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്.
അതിരൂക്ഷമായ വിലക്കയറ്റത്താല്‍ പൊറുതിമുട്ടിയ ജനം പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജിക്കായി പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നില്‍ രണ്ടാഴ്ചയായി സമരം തുടരുകയാണ്. സമരത്തെ പിന്തുണച്ച് എല്ലാ തൊഴിലാളി സംഘടനകളും ഇന്നു മുതല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്നലെ അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ റെയില്‍വേ യൂണിയനുകള്‍ പണിമുടക്കുന്നതിനാല്‍ ട്രെയിനുകള്‍ ഓടില്ല. അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമായി തുടരുന്നു. മരുന്ന് ഇറക്കുമതി ചെയ്യാനാവാത്തതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. രാജ്യാന്തര കടം തിരിച്ചടവു മുടങ്ങിയ ശ്രീലങ്ക രാജ്യാന്തര നാണ്യ നിധിയില്‍ നിന്നു വായ്പയ്ക്കായി ശ്രമിക്കുന്നു.