BREAKING NEWSLATESTNATIONAL

ശ്രീലങ്കയില്‍ നിന്ന് രാമേശ്വരം ലക്ഷ്യമാക്കി ആയുധം നിറച്ച ബോട്ട് വരുന്നു, തീരങ്ങളില്‍ അതീവ സുരക്ഷ

ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട്‌കേരള തീരങ്ങളില്‍ അതീവ സുരക്ഷാ നിര്‍ദേശം. തമിഴ്‌നാട് പോലീസും സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സികളുമാണ് തീരത്ത് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
ആയുധങ്ങളുമായി ബോട്ട് വരുന്നെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഇന്നലെ വൈകീട്ടോടെയാണ് പോലീസിന് വിവരം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.
ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരം ലക്ഷ്യമാക്കിയാണ് വരുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. അതേസമയം ബോട്ടിലുള്ള ആളുകളെക്കുറിച്ചോ ഇവര്‍ ഏത് സംഘടനയുമായി ബന്ധമുള്ളവരാണെന്നോ എന്നതില്‍ വ്യക്തത ഇല്ല.
കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ചെന്നൈ പോലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടിലുണ്ട്. സായുധരായ പോലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നുമാണ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
കേന്ദ്ര ഏജന്‍സികളില്‍ നിന്ന് വിവരം ലഭിച്ചതോടെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നതായി കേരള പോലീസിന്റെ രഹസ്യാന്വേഷണ വൃത്തങ്ങളും അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker