BREAKINGKERALA

ശ്രുതിയുടെ പ്രതിശ്രുതവരന്‍ ജെന്‍സന്റെ നില അതിവഗുരുതരം; സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഡോക്ടര്‍

കല്‍പ്പറ്റ: വയനാട് വെള്ളാരംകുന്നില്‍ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സന്റെ നില അതീവ ഗുരുതരം. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടര്‍ന്ന് ജെന്‍സന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മനോജ് നാരയണന്‍ പറഞ്ഞു. മൂക്കില്‍ നിന്നും തലയോട്ടിയുടെ പുറത്തും അകത്തുമായി അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായിരുന്നു. സാധ്യമായതെല്ലാം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങള്‍ നഷ്ടമായ ചൂരല്‍മല സ്വദേശികളായ ലാവണ്യ, ശ്രുതി, ശ്രുതിയുടെ പ്രതിശ്രുത വരന്‍ അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശി ജെന്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനുസമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റത്. ജെന്‍സനായിരുന്നു വാന്‍ ഓടിച്ചിരുന്നത്. മറ്റുള്ളവര്‍ സുരക്ഷിതരാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.
ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരികയായിരുന്ന ‘ബട്ടര്‍ഫ്‌ലൈ’ എന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് വാനില്‍ കുടുങ്ങിയവരെ കല്പറ്റയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരുംചേര്‍ന്ന് വാന്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.
ചൂരല്‍മലയിലെ സ്‌കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛന്‍ ശിവണ്ണനെയും അമ്മ സബിതയെയും അനിയത്തി ശ്രേയയെയും ഉരുളെടുത്തു. കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെന്‍സണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. എന്നാല്‍ ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുള്‍ ശ്രുതിയുടെ ജീവിതത്തില്‍ ദുരന്തം വിതച്ചത്. പിന്നീട് പ്രതിശ്രുതവരന്‍ ജെന്‍സണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. താത്കാലിക പുനരധിവാസത്തില്‍ ശ്രുതി ഇപ്പോള്‍ മുണ്ടേരിയിലാണ് താമസം. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ശിവണ്ണയുടെ സഹോദരന്‍ സിദ്ദരാജിന്റെയും ദിവ്യയുടെയും മകളാണ് ലാവണ്യ. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരന്‍ ലക്ഷ്വത് കൃഷ്ണയെയും ലാവണ്യക്ക് നഷ്ടമായി. പഠനത്തിനായി നവോദയ സ്‌കൂളിലുമായതിനാലാണ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്.

Related Articles

Back to top button