കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയ മുഹമ്മദ് ഷാഫിയെ തിരിച്ചയച്ചു. പറഞ്ഞ ദിവസം വന്നാല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്. കഴിഞ്ഞ ദിവസം ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും മുഹമ്മദ് ഷാഫി കസ്റ്റംസില്‍ ഹാജരായില്ല. വയറു വേദനയാണ് കാരണം പറഞ്ഞത്. എത്താനാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകന് കസ്റ്റംസിനെ അറിയിക്കുകയായിരുന്നു.
അടുത്ത ദിവസം ഹാജരാകുമെന്നാണ് പറഞ്ഞെങ്കിലും തിങ്കളാഴ്ച മതിയെന്ന് കാണിച്ചു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. ഇത് വകവെയ്ക്കാതെയാണ് ഷാഫി ഇന്ന് കമ്മീഷണര്‍ ഓഫിസില്‍ പതിനൊന്നു മണിയോടെ അഭിഭാഷകനൊപ്പം എത്തിയത്. എന്നാല്‍ പത്തു മിനിറ്റിനകം തന്നെ , വന്ന കാറില്‍ തന്നെ മടങ്ങുകയായിരുന്നു. കരിപ്പൂര്‍ കേന്ദ്രീകരിച്ച കള്ളക്കടത്തില്‍ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും ഇടപെടല്‍ നേരത്തെയും ഉണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം.
നേരത്തെ ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് നേരത്തെ പരിശോധന നടത്തുകയും ഇലക്ട്രോണിക് വസ്തുക്കള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് ഷെഫീഖിനെയും അര്ജുന് ആയങ്കിയെയും ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചത്. ടി പി വധക്കേസില്‍ പ്രതിയായ ഷാഫി നിലവില്‍ പരോളിലാണ്. മറ്റൊരു പ്രതിയായ കൊടി സുനിയെയും ജയിലില്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കണ്ണൂര്‍ സംഘത്തിന്റെ രക്ഷിതാക്കള്‍ കൊടി സുനിയും ഷാഫിയുമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റംസ് റിപ്പോര്‍ട്ട്.
ടി പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു ജയിലില്‍ കഴിയുന്ന കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘമാണ് സ്വര്‍ണക്കടത്തില്‍ കണ്ണൂര്‍ സംഘത്തിന്റെ രക്ഷധികാരികള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി സമൂഹമാധ്യമങ്ങളില്‍ അവതരിച്ചാണ് കള്ളക്കടത്ത് സംഘം യുവാക്കളെ ആകര്‍ഷിച്ചത്. ഇവര്‍ക്കൊപ്പം ചേര്‍ന്ന യുവാക്കളെ ക്വട്ടേഷനും ഗുണ്ടായിസവുമടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു. ഇതില്‍ നിന്ന് ലഭിക്കുന്ന പണമായിരുന്നു സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതെന്നും കസ്റ്റംസ് പറയുന്നു.
അര്ജുന് ആയങ്കിയുടെ കസ്റ്റഡി നീട്ടി കിട്ടാനുള്ള അപേക്ഷയിലാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. കേസില്‍ ഭാര്യ അമലയുടേതടക്കമുള്ള മൊഴികള്‍ അര്ജുന് ആയങ്കിക്ക് എതിരാണ്. കേസിലെ നിര്‍ണായക തെളിവായ ഫോണ്‍ എവിടെയെന്നതില്‍ അര്ജുന് ഒളിച്ചു കളി തുടരുകയാണ്. മറ്റ് പ്രതികള്‍ക്കൊപ്പം ഇരുത്തി അര്‍ജുനെ കൂടുതല്‍ ചോദ്യം ചെയ്യണം എന്നും ഇതിനായി ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു.
മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുമ്പോള്‍ അര്ജുന് ആയങ്കി കൂടി വേണമെന്ന് കോടതിയില്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. കള്ളകടത്തിന്റ കൂടുതല്‍ വിവരങ്ങള്‍ ഇത് വഴി അറിയാന്‍ കഴിയുമെന്നും അന്വേഷണ സംഘം കണക്കുകൂട്ടിയിരുന്നു.