BREAKINGKERALA

ഷാരോണ്‍ കൊലക്കേസ്; നിര്‍ണായക തെളിവായ സി.സി.ടി.വി. ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു

നെയ്യാറ്റിന്‍കര: പാറശ്ശാല സ്വദേശി ഷാരോണ്‍രാജിനെ കാമുകി കഷായത്തില്‍ വിഷംകലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ തെളിവ് വിചാരണ നെയ്യാറ്റിന്‍കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ തുടങ്ങി.
കേസിലെ ഒന്നും രണ്ടും മൂന്നും സാക്ഷികളെ ആദ്യദിനത്തില്‍ വിസ്തരിച്ചു. കേസിലെ പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു.
ചൊവ്വാഴ്ച, ഒന്നുമുതല്‍ പത്തുവരെ സാക്ഷികളെ വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷാരോണിന്റെ സഹോദരന്‍, ഷാരോണിനെ ബൈക്കില്‍ ഗ്രീഷ്മയുടെ വീട്ടില്‍ എത്തിച്ച സുഹൃത്ത്, മെഡിക്കല്‍ കോളേജില്‍വെച്ച് തന്നെ വിഷം കുടിപ്പിച്ചതായി ഷാരോണ്‍ വെളിപ്പെടുത്തിയ ബന്ധു എന്നിവരെ മാത്രമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം.ബഷീര്‍ തെളിവുവിചാരണ നടത്തിയത്.
കേസില്‍ നിര്‍ണായക തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ, ഷാരോണ്‍ രണ്ടാംസാക്ഷിയായ സുഹൃത്തിന്റെ ബൈക്കില്‍ ഗ്രീഷ്മയുടെ വീട്ടിലേക്കു പോയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു.
പാറശ്ശാല സമുദായപ്പറ്റ് ജെ.പി.ഭവനില്‍ ജയരാജിന്റെ മകന്‍ ഷാരോണ്‍രാജി(23)നെ തമിഴ്‌നാട്ടിലെ ദേവിയോട്, രാമവര്‍മന്‍ചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തില്‍ ഗ്രീഷ്മ (22), ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരുടെ സാഹായത്തോടെ കഷായത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഒക്ടോബര്‍ 13-നും 14-നുമായി വിഷംകലര്‍ത്തിയ കഷായം പ്രതികള്‍ ഷാരോണിനു നല്‍കിയെന്നാണ് കേസ്.
തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഷാരോണ്‍ 25-ന് മരിച്ചത്. ആദ്യം പാറശ്ശാല പോലീസ് അന്വേഷിച്ച കേസില്‍ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം കോടതിയില്‍ നല്‍കിയത്. കുറ്റപത്രപ്രകാരം 142 സാക്ഷികളാണ് ഉള്ളതെങ്കിലും കോടതി 131 പേരെ വിസ്തരിക്കാനാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രതികള്‍ കേസിലെ വിചാരണസംഭവം നടന്നെന്നു പറയുന്ന തമിഴ്‌നാട്ടിലെ കോടതികളിലൊന്നില്‍ നടത്തണമെന്ന് സുപ്രീം കോടതിവരെ പോയതിനെ തുടര്‍ന്നാണ് തെളിവ് വിചാരണ വൈകിയത്.

Related Articles

Back to top button